സൗദി സഞ്ചാരികളുടെ ബഹിരാകാശയാത്ര മേയിൽ
text_fieldsജിദ്ദ: സൗദി സഞ്ചാരികളായ റയാന ബർനാവി, അലി അൽഖർനി എന്നിവർ അടുത്ത മേയിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) പുറപ്പെടും. സൗദി സ്പേസ് അതോറിറ്റി, ആക്സിയം സ്പേസ്, അമേരിക്കൻ സ്പേസ് ഏജൻസി (നാസ), സ്പേസ് എക്സ് കമ്പനി എന്നിവ അമേരിക്കയിലെ ഹൂസ്റ്റണിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് യാത്രയുടെ ഒൗദ്യോഗിക തീയതി പ്രഖ്യാപിച്ചത്.
സൗദി ബഹിരാകാശ അതോറിറ്റിയിലെ കൺസൾട്ടന്റ് എൻജിനീയർ മശാഇൽ അൽ ശുമൈമറി, ആക്സിയം സ്പേസ് പ്രസിഡൻറും സി.ഇ.ഒയുമായ മൈക്കൽ ടി. സഫ്രെഡിനി, നാസയുടെയും സ്പേസ് എക്സിെൻറയും പ്രതിനിധികൾ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. സൗദി സഞ്ചാരികളുൾപ്പെടെ ‘എ.എക്സ് 2 ബഹിരാകാശദൗത്യ സംഘ’ത്തിൽ നാലുപേരാണുള്ളത്. ബഹിരാകാശ സഞ്ചാരിയാകുന്ന ആദ്യ സൗദി വനിതയാണ് റയാന ബർനാവി.
സഹചാരിയായ സൗദി പൗരൻ അലി അൽഖർനിയെയും കൂടാതെ സംഘത്തിലുള്ള മറ്റ് രണ്ടുപേർ പെഗ്ഗി വിറ്റ്സണും ജോൺ ഷോഫ്നറുമാണ്. യാത്രക്ക് തയാറെടുക്കാൻ പ്രത്യേക തീവ്രപരിശീലന പരിപാടിക്ക് വിധേയരായ സൗദി ബഹിരാകാശ യാത്രികരെ വാർത്തസമ്മേളനത്തിൽ പ്രത്യേകം പ്രശംസിച്ചു.
മികച്ച കഴിവുകളും അനുഭവപരിചയവും ഉയർന്ന ശാരീരികക്ഷമതയും മാനസിക വഴക്കവുമുള്ളവരാണിവർ. ബഹിരാകാശ പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ ഇത് അവരെ പ്രാപ്തരാക്കും. എൻജിനീയറിങ്, റോബോട്ടിക്സ്, ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ അവർ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇൗ ദൗത്യം ബഹിരാകാശ പര്യവേഷണത്തിൽ രാജ്യത്തിന് ഒരു പുതിയ യുഗം തുറക്കുമെന്നും രണ്ട് ചരിത്രസംഭവങ്ങളുടെ നാഴികക്കല്ലാണെന്നും അവർ ചൂണ്ടിക്കാട്ടി.
ബഹിരാകാശത്ത് ഒരു സൗദി വനിതയുടെ ആദ്യ ദൗത്യമാണ്. വിവിധ മേഖലകളിൽ രാജ്യത്ത് സ്ത്രീകൾ കൈവരിച്ച പുരോഗതിയുടെ തെളിവാണിത്. കൂടാതെ ഒരു സൗദി അറേബ്യൻ ടീം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത് ഇതാദ്യമാണ്. പരിശീലന പരിപാടിയിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പ്രോഗ്രാമുകളിലും പ്രവർത്തന പ്രക്രിയകളിലും വിദഗ്ധ പരിശീലനം നൽകിയിട്ടുണ്ട്. കാലിഫോർണിയയിലെ ഹാത്തണിലുള്ള സ്പേസ് എക്സ് ആസ്ഥാനത്തെ പര്യവേഷണ നൈപുണ്യ പരിശീലനത്തിനുപുറമേ കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ജാപ്പനീസ്, യൂറോപ്യൻ ഗവേഷണ കേന്ദ്രങ്ങളിലും ഇവർ പരിശീലനം നടത്തിയതായും അവർ പറഞ്ഞു.
സൗദിയിലെ ആദ്യ വനിത ബഹിരാകാശ സഞ്ചാരിയായ റയാന ബർനാവിയും സഹചാരി അലി അൽഖർനിയും ചേർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നടത്തുന്ന ഈ യാത്ര ചരിത്രപരമായ ശാസ്ത്ര ദൗത്യമായിരിക്കുമെന്ന് സൗദി ബഹിരാകാശ അതോറിറ്റി കൺസൾട്ടൻറ് എൻജി. മശാഇൽ അൽ ശുമൈമറി പറഞ്ഞു. സൗദി ബഹിരാകാശ അതോറിറ്റിക്ക് കിരീടാവകാശിയുടെ മഹത്തായതും ഉദാരവുമായ പിന്തുണയുണ്ട്. മനുഷ്യത്വത്തിനും ശാസ്ത്രത്തിനുംവേണ്ടി നടപ്പാക്കുന്ന ഗവേഷണങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും ഭാഗമാണിത്.
ബഹിരാകാശ പര്യവേഷണ മേഖലയിൽ ആഗോളതലത്തിൽ രാജ്യത്തിെൻറ സ്ഥാനം ഉയർത്തുക, മാനവികതയെ സേവിക്കുക, ബഹിരാകാശ മേഖലയിൽ ‘വിഷൻ 2030’ന്റെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും കൈവരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ ദൗത്യം. ബഹിരാകാശത്ത് തങ്ങളുടെ ഭാഗം നിർവഹിക്കാനുള്ള ഇരുവരുടെയും പൂർണ സന്നദ്ധതയിൽ അതോറിറ്റിക്ക് ആത്മവിശ്വാസമുണ്ടെന്നും അൽശുമൈമറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.