സൗദി ബഹിരാകാശ യാത്ര; റയാന ബർനാവിയും അലി അൽഖർനിയും മേയ് 21ന് യാത്രതിരിക്കും
text_fieldsജിദ്ദ: സൗദി ബഹിരാകാശ യാത്രികരായ റയാന ബർനാവിയും അലി അൽഖർനിയും ഈ മാസം 21ന് ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിക്കും.
ബഹിരാകാശത്തേക്ക് യാത്രതിരിക്കുന്ന സൗദി, അറബ് മുസ്ലിം ലോകത്തെ ആദ്യത്തെ വനിതയാണ് റയാന ബർനാവി. അലി അൽഖർനി ആദ്യത്തെ സൗദി ബഹിരാകാശ സഞ്ചാരിയുമാണ്. സൗദിയെ സംബന്ധിച്ചിടത്തോളം ഇരുവരുടെയും ബഹിരാകാശ യാത്ര ചരിത്രമാണ്. മേഖലയിൽ രാജ്യത്തിന് ഒരു പുതിയ ഘട്ടമായിരിക്കും ഈ യാത്ര.
ഇതോടെ ഒരേസമയം ഒരേ രാജ്യക്കാരായ രണ്ടു ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാൻ കഴിയുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി സൗദി അറേബ്യ അറിയപ്പെടും. 2022 സെപ്റ്റംബർ 22ന് ആരംഭിച്ച ബഹിരാകാശ സഞ്ചാരികൾക്കായുള്ള സൗദി പ്രോഗ്രാമിലാണ് ഈ യാത്രയെന്ന് സൗദി സ്പേസ് അതോറിറ്റി പറഞ്ഞു. മൈക്രോ ഗ്രാവിറ്റി പരിതഃസ്ഥിതിയിൽ 14 മികച്ച ശാസ്ത്ര ഗവേഷണ പരീക്ഷണം യാത്രയിലുൾപ്പെടും.
ബഹിരാകാശ പര്യവേക്ഷണത്തിലും മാനവികതക്കുള്ള സേവനത്തിലും സൗദി അറേബ്യയുടെ ആഗോള സ്ഥാനം മെച്ചപ്പെടുത്താൻ ഈ ഗവേഷണങ്ങൾ സഹായിക്കും. ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങി നിരവധി മുൻഗണന മേഖലകളിൽ സ്വാധീനം ചെലുത്തുന്നതിൽ സൗദി ഗവേഷണ കേന്ദ്രങ്ങളുടെ പങ്ക് സ്ഥിരീകരിക്കുന്നതു കൂടിയാണിത്. വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതിനും ഇത് സംഭാവന ചെയ്യുമെന്നും സൗദി സ്പേസ് അതോറിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.