മാനുഷിക ആവശ്യങ്ങൾക്കായി സൗദി മുഴുവൻ ശേഷിയും വിനിയോഗിക്കുന്നു –വിദേശകാര്യ ഉപമന്ത്രി
text_fieldsജിദ്ദ: മാനുഷിക ആവശ്യങ്ങൾക്കായി സൗദി അറേബ്യ മുഴുവൻ ശേഷിയും വിനിയോഗിക്കുകയാണെന്ന് വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ് ബിൻ അബ്ദുൽകരീം അൽഖുറൈജി പറഞ്ഞു.
ജിദ്ദയിൽ കിങ് സൽമാൻ റിലീഫ് കേന്ദ്രം സംഘടിപ്പിച്ച സാഹിൽ, ചാഡ് തടാകം മേഖലയിലെ കുടിയിറക്കപ്പെട്ടവർക്കും അഭയാർഥികൾക്കും പിന്തുണ നൽകുന്നതിനുള്ള സഹായദാതാക്കളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനുഷിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യങ്ങളിൽ ആവശ്യമുള്ള ആളുകൾക്കുവേണ്ട സഹായം നൽകാനുമുള്ള രാജ്യം അതീവ താൽപര്യമാണ് കാണിക്കുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് രാജ്യത്തിന്റെ സ്ഥാപിതമായ മാനുഷിക തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
കിങ് സൽമാൻ റിലീഫ് സെന്ററിന്റെ പദ്ധതി ഇതിന് അനുസൃതമാണ്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമുള്ള രാജ്യങ്ങൾക്കും ജനങ്ങൾക്കും സഹായം നൽകാനും ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്നവർക്ക് വിവേചനമില്ലാതെ ആശ്വാസം നൽകാനും ചരിത്രത്തിലുടനീളം സൗദി ഒരു അലംഭാവവും കാണിച്ചിട്ടില്ലെന്ന് അൽഖുറൈജി സൂചിപ്പിച്ചു.
കിങ് സൽമാൻ റിലീഫ് കേന്ദ്രം വഴി മാനുഷിക പ്രശ്നങ്ങളെ സേവിക്കുന്നതിനുള്ള എല്ലാ കഴിവുകളും വിഭവങ്ങളും രാജ്യം വിനിയോഗിച്ചിട്ടുണ്ട്. സൗദിയുടെ ഈ ശ്രമങ്ങൾ സുരക്ഷിതത്വവും സ്ഥിരതയും സ്ഥാപിക്കുന്നതിന് സഹായിക്കുമെന്നും സമാധാനം ഉടനീളം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അൽഖുറൈജ് പറഞ്ഞു.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.െഎ.സി), യു.എൻ മാനുഷികകാര്യ ഏകോപന കാര്യാലയം, അഭയാർഥികൾക്കായുള്ള യു.എൻ ഹൈക്കമീഷണർ എന്നിവയുമായി ഏകോപിച്ചാണ് ജിദ്ദയിൽ സമ്മേളനം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.