ഹൃദയബന്ധത്തിന്‍റെ ഓര്‍മയില്‍
text_fieldsസത്യസന്ധത, ജീവിതവിശുദ്ധി, തൊഴില്‍രംഗത്തെ ആത്മാര്‍ഥത- ഇസ്ലാം മതം സ്വീകരിച്ചതിന്‍െറ പേരില്‍ മലപ്പുറത്തെ കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്‍െറ സ്പോണ്‍സര്‍ അബ്ദുല്ല അല്‍മുഹാവിസിന് പറയാനുള്ളത് അകാലത്തില്‍ വിടപറയേണ്ടിവന്ന യുവാവിനെക്കുറിച്ചുള്ള പറഞ്ഞുതീരാത്ത നന്മകള്‍. ഫൈസലുമായുള്ള നാലുവര്‍ഷത്തെ ജീവിതാനുഭവങ്ങള്‍ ഓരോന്നായി പങ്കുവെക്കുമ്പോള്‍ കൊടിഞ്ഞിയിലെ ഫൈസലിന്‍െറ വീട്ടിലെ ദു:ഖംതന്നെയാണ് സൗദിയിലെ തലസ്ഥാനമായ റിയാദിലെ ബദീഅ വില്ലേജിലെ അബ്ദുല്ല അല്‍മുഹാവിസിന്‍െറ വീട്ടിലും തളംകെട്ടി നില്‍ക്കുന്നത്. ‘മക്കളെ പോലെയായിരുന്നു ഫൈസലിനെ സ്നേഹിച്ചതും പെരുമാറിയതും. മുസ് ലിമായല്ല അനില്‍കുമാര്‍ എന്ന യുവാവ് ഞങ്ങളുടെ വീട്ടില്‍ ജോലിക്കെത്തിയത്. മൂന്നര വര്‍ഷത്തോളം മുസ് ലിമല്ലാതെ അദ്ദേഹം ഞങ്ങളുമായി സഹവസിച്ചു. തുടക്കത്തിലെ അപരിചിതത്വം ചെറിയ ഇടവേളയോടെ മാറിയിരുന്നു. ജോലിയില്‍ കണിശത പുലര്‍ത്തിയിരുന്ന ഫൈസല്‍ ഒരിക്കലും എന്തെങ്കിലും ജോലിചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടില്ല. വീട്ടിലേക്ക് ചെറിയ തുകക്ക് സാധനങ്ങള്‍ വാങ്ങുന്നതിന്‍െറയും വാഹനത്തില്‍ പെട്രോളടിക്കുന്നതിന്‍െറയും ബില്ലുകള്‍ സൂക്ഷിച്ച് കണക്കുകള്‍ ബോധ്യപ്പെടുത്തുമായിരുന്നു. അതിന്‍െറ ആവശ്യമില്ലെന്ന് പറഞ്ഞെങ്കിലും അത് നിരസിക്കുകയായിരുന്നു- അബ്ദുല്ല പറയുന്നു. സാമ്പത്തികരംഗത്ത് ഈ യുവാവ് കാത്തുസൂക്ഷിച്ചിരുന്ന സൂക്ഷ്മതയുടെ നിരവധി ഉദാഹരണങ്ങളാണ് ജോലിചെയ്ത വീട്ടുകാര്‍ ഓര്‍ത്തെടുക്കുന്നത്.
എന്തിനാണ് ഫൈസലിനോട് ഈ ക്രൂരത ചെയ്തതെന്ന വേദനയാണ് മുഹാവിസിന്‍െറ മനസ്സില്‍. ഇവിടെ എത്രയെത്ര സ്ഥാപനങ്ങളിലാണ് ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും മതമില്ലാത്തവരുമൊക്കെ സാഹോദര്യത്തോടെ സൗഹാര്‍ദവും നന്മയും പങ്കുവെച്ച് സഹവസിക്കുന്നത്. എവിടെയും ആരുടെയും മതം പരിഗണിച്ചല്ലല്ലോ ഇടപെടലുകള്‍. ഏതെല്ലാം വിശ്വാസവും ഭാഷയും വെച്ചുപുലര്‍ത്തുന്ന ഇന്ത്യക്കാര്‍ പരസ്പരം സഹകരിച്ച് സാഹോദര്യത്തോടെ നാട്ടിലും ഇവിടെയും കഴിയുന്നു, നോവുന്ന മനസ്സുമായി അദ്ദേഹം വീണ്ടും ചോദിക്കുന്നു, ഫൈസലിനെ ഇല്ലാതാക്കിയതു കൊണ്ട് ആര് എന്തുനേടി? മതത്തിന്‍െറയും വിഭാഗീയതയുടെയും പേരില്‍ എന്തിന് മനുഷ്യര്‍ തമ്മില്‍ ഇവ്വിധം വന്മതില്‍ തീര്‍ക്കണം? ഫൈസലിന്‍െറ മരണത്തില്‍ അങ്ങേയറ്റം ദു$ഖിക്കുമ്പോഴും പാരത്രിക ജീവിതത്തില്‍ അദ്ദേഹം കൈവരിച്ച മഹത്തായ നേട്ടത്തെ കുറിച്ചോര്‍ത്ത് ആ വേദന മറക്കാനാണ് ശ്രമിക്കുന്നതെന്നും അല്‍മുഹാവിസ് പറയുന്നു. ജന്മം കൊണ്ട് മുസ് ലിമായ തനിക്ക് കൈവരിക്കാനാവാത്ത മഹത്തായ രക്തസാക്ഷിത്വപദവിയാണ് ഫൈസല്‍ നേടിയതെന്നത് അഭിമാനപൂര്‍വമാണ് ഓര്‍ക്കുന്നതെന്നും അദ്ദേഹം ഉള്ളുതുറക്കുന്നു.
രണ്ടുവര്‍ഷം മുമ്പ് അവധികഴിഞ്ഞെത്തിയ ശേഷവും അനില്‍ കുമാര്‍ സ്വന്തം മതാചാരത്തിലായിരുന്നു ജീവിതം മുന്നോട്ടുകൊണ്ടു പോയത്. പിന്നീട് കഴിഞ്ഞ റമദാനുമുമ്പാണ് ഇസ്ലാം ആശ്ലേഷണത്തെക്കുറിച്ച് താല്‍പര്യം പ്രകടിപ്പിച്ചത്. മുസ്ലിമായതോടെ അല്‍മുഹാവിസിന്‍െറ മകന്‍ ഫൈസലിന്‍െറ പേരാണ് സ്വീകരിച്ചത്. തുടര്‍ന്ന് പള്ളിയിലും ഇതര ആരാധനാ കര്‍മങ്ങളിലും സജീവസാന്നിധ്യമായി. കഴിഞ്ഞ റമദാന്‍ കാലത്ത് താമസസ്ഥലത്തിന് തൊട്ടടുത്ത പള്ളിയിലെ ഇഫ്താര്‍ ടെന്‍റുകളില്‍ ഫൈസല്‍ നിറസാന്നിധ്യമായിരുന്നു. അയല്‍പക്കത്തുള്ളവരോടും പള്ളിയിലെത്തുന്നവരോടും സുഹൃത്തുക്കള്‍ക്കിടയിലുമൊക്കെ നേരത്തെതന്നെ ഫൈസല്‍ ഹൃദയബന്ധം സൂക്ഷിച്ചിരുന്നു. കുറെയേറെ സ്വപ്നങ്ങളുമായാണ് കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയത്.
ഭാര്യക്കും മക്കള്‍ക്കും ഇസ്ലാമിന്‍െറ ബാലപാഠങ്ങള്‍ പകര്‍ന്നുകൊടുക്കണം, അവരെ സന്ദര്‍ശന വിസയില്‍ കൊണ്ടുവരണം, ഉംറയും ഹജ്ജും നിര്‍വഹിക്കണം തുടങ്ങിയ ജീവിതാഭിലാഷങ്ങള്‍ പലതും നാട്ടില്‍ പോകുന്നതിനുമുമ്പേ സ്പോണ്‍സറുമായി പങ്കുവെച്ചിരുന്നു. നാട്ടിലെ കാര്യങ്ങള്‍ ക്രമീകരിക്കുന്നതിന് കൂടുതല്‍ അവധി ആവശ്യപ്പെട്ടതുകൊണ്ടാണ് ആറുമാസത്തെ റീഎന്‍ട്രിയും നല്‍കിയാണ് ഫൈസലിനെ സ്പോണ്‍സര്‍ നാട്ടിലയച്ചത്. കൊല്ലപ്പെടുന്നതിന് തലേന്ന് സ്പോണ്‍സര്‍ക്ക് അയച്ചുകൊടുത്ത ശബ്ദസന്ദേശത്തിലും ഊഷ്മള സൗഹൃദത്തിന്‍െറ വീണ്ടും കാണാനാകുമെന്ന പ്രതീക്ഷകളാണുണ്ടായിരുന്നത്. എന്നാല്‍, അവധികഴിഞ്ഞ് തിരിച്ചത്തെുംമുമ്പേ ജീവിതത്തിന് നിശ്ചയിച്ച അവധി പൂര്‍ത്തിയാക്കി ഫൈസലിന് വിടപറയേണ്ടിവന്നു. അവധിക്കുമുമ്പ് പുതുക്കിയ ഇഖാമ ഇനിയും നാലുവര്‍ഷത്തിലധികം കാലാവധി ബാക്കിയുള്ളതാണ്.
അബ്ദുല്ല നാലുതവണ ഇന്ത്യയില്‍ പോയിട്ടുണ്ട്, മുംബൈയും ഡല്‍ഹിയും സന്ദര്‍ശിച്ചു. ഇനി കേരളത്തില്‍ പോകണം, ഫൈസലിന്‍െറ വീട്ടില്‍ നേരിട്ടെത്തി മാതാപിതാക്കളെയും മക്കളെയും ആശ്വസിപ്പിക്കണം. ഇതിനായി ഗൂഗിള്‍ മാപ്പില്‍ അദ്ദേഹം മലപ്പുറം ജില്ലയും കൊടിഞ്ഞിയും അടയാളപ്പെടുത്തിക്കഴിഞ്ഞു. ഫൈസലിന്‍െറ ഓര്‍മക്കായി അദ്ദേഹത്തെകുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും വിഡിയോ ക്ലിപ്പുകളും മുഹാവിസും കുടുംബവും ശേഖരിച്ചുവെച്ചിട്ടുണ്ട്. ‘ഇന്ത്യക്കാര്‍ വിശേഷിച്ചും കേരളീയര്‍ സൗമ്യമായ സ്വഭാവവും ആദരവ് നിറഞ്ഞ പെരുമാറ്റവും പുലര്‍ത്തുന്നവരാണ്. എന്നിട്ടും ഈ നാട്ടില്‍ വിശ്വാസത്തിന്‍െറ പേരില്‍ ക്രൂരമായി ഒരാള്‍ കൊലചെയ്യപ്പെട്ടുവെന്നത് വിശ്വസിക്കാനാകുന്നില്ല. ഫൈസലിന്‍െറ ഗ്രാമത്തില്‍നിന്ന് തന്നെ ലഭിക്കുമെങ്കില്‍ ഒരു ജോലിക്കാരനെ കണ്ടത്തെണം. ഫൈസലിന്‍െറ സ്വഭാവം ആ നാടിനെക്കൂടി എനിക്ക് പ്രിയപ്പെട്ടതാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ജോലിയില്‍നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന അബ്ദുല്ല അല്‍മുഹാവിസ് പറഞ്ഞുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.