സൗദിയുടെ സുഡാൻ രക്ഷാദൗത്യം തുടരും
text_fieldsറിയാദ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്ന് വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്ന പ്രക്രിയ സൗദി അറേബ്യ തുടരുമെന്ന് വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ഫോണിൽ സംസാരിക്കുന്നതിനിടെ വിദേശകാര്യമന്ത്രി തങ്ങളുടെ സഹായം തേടിയ രാജ്യങ്ങളിൽനിന്നുള്ള ആളുകളെ ഒഴിപ്പിക്കുന്നത് തുടരാനുള്ള സൗദി അറേബ്യയുടെ തീരുമാനം സ്ഥിരീകരിക്കുകയായിരുന്നു.
സുഡാനിലെ ഇരു സൈനിക വിഭാഗങ്ങളുടെയും സായുധ നീക്കങ്ങൾ നിർത്തിവെക്കാനും സംഭാഷണത്തിലേക്ക് മടക്കിക്കൊണ്ടുവരാനും സൗദി നടത്തിയ ശ്രമങ്ങൾ ഫൈസൽ ബിൻ ഫർഹാൻ ഐക്യരാഷ്ട്ര സഭ സെക്രട്ടറിയോട് വിശദീകരിച്ചു. സുഡാൻ ജനതക്കും ആ രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കും ആവശ്യമായ സംരക്ഷണം നൽകുന്നതിനുള്ള മാർഗങ്ങളും ഇരുവരും ചർച്ചചെയ്തു.ആഗോള സമാധാനവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും പുതിയ നീക്കങ്ങളും അന്താരാഷ്ട്ര സംഭവവികാസങ്ങളും ശ്രമങ്ങളും ചർച്ചയിൽ കടന്നുവന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സംഘർഷം തുടരുന്ന സുഡാനിൽനിന്ന് ഇതുവരെ 110 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരെയാണ് സൗദി അറേബ്യ ഒഴിപ്പിച്ചത്. നാവിക വ്യോമ മാർഗേണ ഒഴിപ്പിച്ചവരെ ജിദ്ദയിലെത്തിച്ച ശേഷം അവരവരുടെ നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്.
ജി.സി.സി, ഒ.ഐ.സി എന്നീ കൂട്ടായ്മകൾ, അറബ് ലീഗ് എന്നിവ കൂടാതെ നിരവധി ലോകരാജ്യങ്ങളും അവരുടെ സൗദി അംബാസഡർമാരും സൗദി ഭരണനേതൃത്വത്തിന് നന്ദി പ്രകടിപ്പിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ഇതിനിടെ തങ്ങളുടെ ഉദ്യോഗസ്ഥരെ സുഡാനിൽനിന്ന് ഒഴിപ്പിച്ചതിന് ലോക ബാങ്ക് ഗ്രൂപ് പ്രസിഡന്റ് ഡേവിഡ് മാൽപാസ് സൽമാൻ രാജാവിന് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.