‘നിങ്ങൾ കാണൂ’ സൗദി സമ്മർ 2024
text_fieldsറിയാദ്: ഈ മാസം 20 മുതൽ സെപ്റ്റംബർ 22 വരെ നീളുന്ന ‘സൗദി സമ്മർ 2024’ പ്രോഗ്രാം സൗദി ടൂറിസം അതോറിറ്റി ലോഞ്ച് ചെയ്തു. ‘നിങ്ങൾ കാണൂ’ എന്ന ശീർഷകത്തിൽ ഏഴ് വിനോദ സഞ്ചാരകേന്ദ്രങ്ങളിലായാണ് പരിപാടികൾ. സ്ത്രീകൾ, കുട്ടികൾ ഉൾപ്പെടെ സാഹസികത ഇഷ്ടപ്പെടുന്നവർ, ആഡംബര ടൂറിസവും വിനോദവും ആഗ്രഹിക്കുന്നവർ, സംസ്കാരത്തിലും ചരിത്രത്തിലും താൽപര്യമുള്ളവർ തുടങ്ങി വിവിധ വിഭാഗങ്ങൾക്കായി 550ലധികം ടൂറിസം ഉൽപന്നങ്ങളും 150 പ്രത്യേക ഓഫറുകളും ഉൾപ്പെടുന്നതാണ് 2024 ലെ സൗദി സമ്മർ പ്രോഗ്രാം. ടൂറിസം അതോറിറ്റി സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി അഹ്മദ് അൽ ഖതീബ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. വേൾഡ് ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ സുറാബ് പൊളോലി കാഷ്വിലി, പൊതു, സ്വകാര്യ മേഖലകളിൽനിന്നുള്ള 250ലധികം പങ്കാളികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സൗദി സമ്മർ 2024 പ്രോഗ്രാമിന്റെ വിശദാംശങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു.
ഏഴ് വിനോദ സഞ്ചാരകേന്ദ്രങ്ങളിലാണ് സൗദി സമ്മർ പ്രോഗ്രാം ആരംഭിക്കുന്നത്. അസീർ, അൽബാഹ, ത്വാഇഫ്, ജിദ്ദ, റിയാദ്, അൽഉല, പുതിയ പ്രദേശം റെഡ്സീ എന്നിവയാണവ. ഈ വർഷത്തെ സൗദി സമ്മർ പ്രോഗ്രാം ജിദ്ദ സീസണിന്റെ തിരിച്ചുവരവിനും അസീർ സീസണിന്റെ ആരംഭത്തിനും സാക്ഷ്യംവഹിക്കും. നിരവധി കച്ചേരികളും പരിപാടികളും കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടി പ്രത്യേകം ആവിഷ്കരിച്ച പരിപാടികളുമുണ്ടാകും. റിയാദിൽ വേൾഡ് ഇലക്ട്രോണിക് സ്പോർട്സ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കും. റിയാദിലും ജിദ്ദയിലും ലോക ബോക്സിങ് ചാമ്പ്യൻഷിപ്പുകളും വൈവിധ്യമാർന്ന വിവിധ പരിപാടികളും അരങ്ങേറും.
ലോക ടൂറിസം ഭൂപടത്തിൽ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും ടൂറിസം മേഖലയിലെ വളർച്ച വർധിപ്പിക്കുന്നതിനും സൗദി സമ്മർ 2024 പ്രോഗ്രാം ഉൾപ്പെടെ മികച്ച ടൂറിസം സംരംഭങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നതിന് സർക്കാർ, സ്വകാര്യ മേഖലകളിൽനിന്നുള്ള പങ്കാളികളുമായി സഹകരിച്ച് ടൂറിസം അതോറിറ്റി അതിന്റെ ശ്രമങ്ങൾ തുടരുന്നുവെന്ന് അൽഖതീബ് പറഞ്ഞു. ടൂറിസം മേഖല റെക്കോഡുകളും നേട്ടങ്ങളും കൈവരിക്കുന്നത് തുടരുന്നു. 2023ൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 8.1 കോടിയും ഈ മേഖലയിൽ ചെലവഴിച്ച തുക 114 ബില്യൺ റിയാലിലധികവുമാണ്. അതേസമയം രാജ്യത്തിന് പുറത്ത് നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം 2.7 കോടിയിലെത്തി.141 ബില്യൺ റിയാലിലധികം മേഖലയിൽ ഇവർ ചെലവഴിച്ചെന്നും ടൂറിസം മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.