കിരീടാവകാശിക്ക് നന്ദി പറഞ്ഞ് സൗദി ടീം കോച്ച്
text_fieldsറിയാദ്: ലുസൈൽ സ്റ്റേഡിയത്തിൽ അഭിമാനവിജയം നേടിയ സൗദി ദേശീയ ടീമിന്റെ പ്രധാന പരിശീലകനായ ഹെർവ് റെനാർഡിന് അഭിമാനത്തോടെയും സന്തോഷത്തോടെയും പറയാനുള്ളത് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനെ കുറിച്ചാണ്. രാജ്യത്തെ കായിക ശക്തിയായി ഉയർത്തുക എന്ന ലക്ഷ്യവും അതിനുള്ള പദ്ധതിയും കൈവശമുള്ളപ്പോൾ തന്നെ അതിനായി ഒരുവിധ സമ്മർദവും ചെലുത്താത്ത കിരീടാവകാശിയുടെ രീതി മാതൃകാപരമാണെന്നാണ് ആദ്യ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് ഹെർവ് പ്രതികരിച്ചത്. 'അദ്ദേഹത്തിന്റെ പിന്തുണയ്ക്ക് നന്ദിയുണ്ട്. അതിശയകരമാണ് അദ്ദേഹത്തിന്റെ ശൈലി. ഞങ്ങൾക്ക് മേൽ ഒരു ഘട്ടത്തിലും ഒരുവിധ സമ്മർദവുമുണ്ടായില്ല. സമ്മർദങ്ങൾ പലപ്പോഴും ഗുണഫലമുണ്ടാക്കുകയില്ല' ഹെർവിനെ ഉദ്ധരിച്ച് 'റോയിട്ടേഴ്‌സ്' റിപ്പോർട്ട് ചെയ്തു.
'മികച്ചൊരു കായികമന്ത്രാലയവും നല്ലൊരു ഫുട്‌ബാൾ ഫെഡറേഷനും ഞങ്ങൾക്കുണ്ട്. മുന്നോട്ടുള്ള പ്രയാണത്തിൽ അത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല' ഹെർവ് പറഞ്ഞു. കളിക്കാരെ കുറിച്ചും ഹെർവിന് മതിപ്പാണ്. 'സൗദി കളിക്കാരെ കുറിച്ച് നിങ്ങൾക്കറിയാം. അവർ എപ്പോൾ വേണമെങ്കിലും പറക്കാം. എന്നാൽ നിൽക്കുമ്പോൾ കാലുകൾ നിലത്തുറപ്പിച്ച് നിൽക്കും.' ഹെർവ് റെനാർഡിനെ സൗദി ടീമിന്റെ പരിശീലനായി നിയോഗിച്ചത് വെറുതെയായില്ല എന്ന് സൗദി കായിക മന്ത്രാലയത്തിന് അഭിമാനിക്കാം. എക്കാലത്തെയും വലിയ 'ലോകകപ്പ് ഞെട്ടലു'കളിൽ ഒന്നിന്റെ സൂത്രധാരൻ എന്ന നിലക്ക് ഹെർവ് എന്നും സ്മരിക്കപ്പെടും.
രണ്ട് പതിറ്റാണ്ടിലധികം നീളുന്നതാണ് ഫ്രഞ്ചുകാരനായ റെനാർഡിന്റെ പരിശീലക ചരിത്രം. നാല് വർഷം മുമ്പ് മൊറോക്കോയെ ലോകകപ്പിലേക്ക് നയിക്കുകയും സാംബിയ, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങൾക്ക് ആഫ്രിക്കൻ ദേശീയ കപ്പ് നേടിക്കൊടുക്കുകയും ചെയ്‌തിട്ടുണ്ട് റെനാർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.