സൗദിയിൽ ഭിക്ഷാടന നിയന്ത്രണ നടപടികൾ കർശനമാക്കുന്നു
text_fieldsയാംബു: സൗദി അറേബ്യയിൽ ഭിക്ഷാടനം പൂർണമായും ഒഴിവാക്കാൻ കർശന നടപടികൾക്കൊരുങ്ങി അധികൃതർ. കടുത്തശിക്ഷ നൽകാൻ ആഭ്യന്തര മന്ത്രാലയം നടപടികൾ തുടങ്ങി. രാജ്യത്ത് ഭിക്ഷാടനം നേരത്തേ നിരോധിച്ചിട്ടുണ്ടെങ്കിലും പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കങ്ങൾ. യാചകർക്കുള്ള ശിക്ഷ കടുപ്പിക്കുന്ന വ്യവസ്ഥയാണ് പുതിയ നിയമാവലിയിൽ ചേർത്തിട്ടുള്ളത്.
ഭിക്ഷാടന വിരുദ്ധ നിയമത്തിലെ ആർട്ടിക്ക്ൾ മൂന്ന്, ആറ് എന്നിവയുടെ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനമെടുത്തിട്ടുണ്ട്. യാചകരെ സഹായിക്കുന്ന സ്വദേശികളെയും പ്രവാസികളെയും നിരീക്ഷിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.
ഭിക്ഷാടനം നടത്തുന്നവരെ പിടികൂടി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കൈമാറാൻ ആഭ്യന്തര മന്ത്രാലയത്തിനും നിർദേശം നൽകി. മന്ത്രിമാരുടെ കൗൺസിൽ അംഗീകരിച്ച ഭിക്ഷാടന നിരോധന നിയമപ്രകാരം ഒരു വർഷം പരമാവധി തടവും ഒരു ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ.
ഓരോ കേസിന്റെയും രജിസ്ട്രേഷൻ നടത്തുക വഴി ബന്ധപ്പെട്ട എല്ലാ ഏജൻസികൾക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ അറിവോടെ കേസുകൾ കൈകാര്യം ചെയ്യാൻ സാധിക്കും. പുതിയ ചട്ടങ്ങൾ അനുസരിച്ച് ആദ്യമായി ഭിക്ഷാടനം നടത്തുന്നവരെ പിടികൂടി ഇനിയൊരിക്കലും യാചിക്കില്ലെന്ന് പ്രതിജ്ഞയിൽ ഒപ്പിടുവിച്ചാണ് ആദ്യ നിയമനടപടി സ്വീകരിക്കുക.
കുറ്റം ആവർത്തിക്കുന്നുവെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ കടുപ്പിക്കും. അറസ്റ്റ് ചെയ്യാനുള്ള അധികാരം ആഭ്യന്തര മന്ത്രാലയത്തിനായിരിക്കും. സംഘടിത സ്വഭാവത്തിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർ, ഭിക്ഷാടകരെ വിവിധ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നവർ, അവർക്ക് സഹായം ചെയ്യുന്നവർ എന്നീ കുറ്റങ്ങൾ ചെയ്യുന്നവർക്കും പരമാവധി ഒരു വർഷം തടവോ ഒരു ലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടി ഒന്നിച്ചോ ശിക്ഷ നിയമാവലിയിൽ അനുശാസിക്കുന്നു.
ഭിക്ഷാടനത്തിന് ശിക്ഷിച്ച വിദേശികളെ ശിക്ഷക്കുശേഷം അവരെ നാടുകടത്താനും സൗദിയിൽ ജോലിക്ക് അനുവദിക്കാതിരിക്കാനും നിയമം അനുശാസിക്കുന്നു.
പൊതുസ്ഥലങ്ങൾ, പള്ളികൾ, സ്ഥാപനങ്ങൾ, കടകൾ പൊതുഗതാഗത സൗകര്യങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി പണം ആവശ്യപ്പെടുന്നതെല്ലാം ഭിക്ഷാടനമായി കണക്കാക്കുമെന്നും സ്വദേശികളിൽ ചിലരെ യാചനയിലേക്ക് നയിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും അവരുടെ പരാധീനതകൾ പരിഹരിക്കാനും സ്വകാര്യ ചാരിറ്റബിൾ ഏജൻസികളുടെ സഹകരണത്തോടെ ശാശ്വത പരിഹാരം കാണാനും ആഭ്യന്തര മന്ത്രാലയം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.