ഇന്ത്യയിൽ അറബിഭാഷ മാസാചരണം സംഘടിപ്പിക്കാൻ സൗദി
text_fieldsറിയാദ്: കിങ് സൽമാൻ അന്താരാഷ്ട്ര അറബി ഭാഷ അക്കാദമി ഇന്ത്യയിൽ അറബിഭാഷ മാസാചരണം സംഘടിപ്പിക്കുന്നു. ജൂലൈ ഒന്ന് മുതൽ 26 വരെ ന്യൂഡൽഹിയിലും കേരളത്തിലുമാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. അറബിഭാഷ പഠിപ്പിക്കുന്നതിനുള്ള പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനും അധ്യാപകരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഈ രംഗത്ത് സൗദിയുടെ ശ്രമങ്ങൾ എടുത്തുകാണിക്കുന്നതിനും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന ഒരു കൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പരിപാടിയാണിത്. അതോടൊപ്പം ഹ്യൂമൻ കപ്പാസിറ്റി ഡെവലപ്മെൻറ് പ്രോഗ്രാമിന്റെ ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രോഗ്രാമുകളിലൊന്നാണിത്.
അറബിഭാഷ പ്രാദേശികമായും അന്തർദേശീയമായും പ്രചരിപ്പിക്കുന്നതിന് പല വഴികളിലും കിങ് സൽമാൻ അന്താരാഷ്ട്ര അറബിഭാഷ അക്കാദമി സഞ്ചരിക്കുന്നതായി സെക്രട്ടറി ജനറൽ പ്രഫ. ഡോ. അബ്ദുല്ല ബിൻ സാലിഹ് അൽ വശ്മി പറഞ്ഞു. സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ നിർദേശങ്ങൾക്കനുസരിച്ചാണ് അക്കാദമി പ്രവർത്തിക്കുന്നത്. മാതൃഭാഷയല്ലാത്തവരെ അറബിഭാഷ പഠിപ്പിക്കുന്നതിൽ അതിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്താൻ ശ്രമിക്കുന്നതാണ് ഈ പരിപാടി.
ലോകമെമ്പാടും അറബി ഭാഷക്ക് സേവനം നൽകുന്നതിൽ സൗദിയുടെ ശ്രമങ്ങൾ തിരിച്ചറിയുന്നതിനും അധ്യാപകർക്ക് നേരിട്ട് പരിശീലനം നൽകുന്നതിനും അവരുടെ അധ്യാപന കഴിവുകൾ ഉയർത്തുന്നതിനും പഠിതാക്കൾക്കിടയിൽ അറബിഭാഷ പഠിക്കുന്നതിന്റെ ഫലങ്ങളിൽ പുരോഗതി കൈവരിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അക്കാദമി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതിെൻറ ഭാഗമായി ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ അക്കാദമി അറബിഭാഷ പഠിക്കുന്നവരെ ലക്ഷ്യമിട്ട് വൈജ്ഞാനിക മത്സരം നടത്തും.
പാരായണം, കഥപറച്ചിൽ, അറബി കാലിഗ്രാഫി എന്നി മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. കൂടാതെ ജവഹർലാൽ നെഹ്റു, കേരള സർവകലാശാലകളിലെ 500 പഠിതാക്കൾക്ക് പ്രയോജനം ചെയ്യുന്ന ടെസ്റ്റ് നടപ്പാക്കും. അറബി ഭാഷയുടെ സാന്നിധ്യം വർധിപ്പിക്കാനും അതിന്റെ വ്യാപനത്തിനും ഉപയോഗത്തിനും പിന്തുണ നൽകുകയും അതിൽ മികവ് പുലർത്തുന്നവരെ ആദരിക്കുകയും ചെയ്യുക ലക്ഷ്യമിട്ടാണിത്. സിമ്പോസിയം, പാനൽ ചർച്ചകൾ, വൈജ്ഞാനിക ടൂറുകൾ, അധ്യാപകരുടെ ഭാഷാവൈദഗ്ധ്യം (കേൾക്കൽ - സംസാരിക്കൽ - വായന - എഴുത്ത്) എന്നിവ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശീലന കോഴ്സുകൾ എന്നിവയും സംഘടിപ്പിക്കും.
ഇതെല്ലാം അറബിഭാഷ പഠിപ്പിക്കുന്നതിനുള്ള അക്കാദമിയുടെ പഠനപദ്ധതികൾ നടപ്പാക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണെന്നും അക്കാദമി സെക്രട്ടറി പറഞ്ഞു. കിങ് സൽമാൻ അന്താരാഷ്ട്ര അറബിഭാഷ അക്കാദമി മേൽനോട്ടം വഹിക്കുന്ന അറബിഭാഷ പഠിപ്പിക്കുന്നതിനുള്ള പ്രോഗ്രാമുകൾ ഉൾപ്പെട്ടതാണ് ഇന്ത്യയിലെ അറബിഭാഷ മാസം എന്ന പരിപാടി. നേരത്തെ ഉസ്ബകിസ്താൻ, ഇന്തോനേഷ്യ, ചൈന എന്നിവയുൾപ്പെടെ ചില രാജ്യങ്ങളിൽ ഇതിന്റെ നിരവധി പതിപ്പുകൾ നടപ്പാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള ഭാഷാപരവും സാംസ്കാരികവുമായ പ്രവർത്തനപദ്ധതി അക്കാദമി തുടരുമെന്നും സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.