മയക്കുമരുന്ന് കടത്തിനെതിരെ യുദ്ധം കടുപ്പിക്കാൻ സൗദി
text_fieldsറിയാദ്: മയക്കുമരുന്ന് കടത്തിനെതിരെ യുദ്ധം കടുപ്പിക്കാൻ സൗദി. നർകോട്ടിക് കൺട്രോൾ ഡയറക്ടർ ജനറലും കമാൻഡർമാരുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തി. ഏത് മയക്കുമരുന്നിനെതിരെയും രാജ്യം പോരാട്ടം ശക്തമാക്കിയിരിക്കുകയാണെന്നും ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാറിന് ദൃഢനിശ്ചയമാണുള്ളതെന്നും ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് കൂടിക്കാഴ്ചയിൽ ആവർത്തിച്ചു.
നാർകോട്ടിക് കൺട്രോൾ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ ഖർനി, റിയാദ് മേഖലയിലെ ഡയറക്ടറേറ്റിലെ നിരവധി കമാൻഡർമാർ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ആശംസകൾ മന്ത്രി നാർകോട്ടിക് കൺട്രോൾ ഉദ്യോഗസ്ഥരെ അറിയിച്ചു.
ഭരണകൂട നിർദേശങ്ങളും പിന്തുണയും ഉപയോഗിച്ച് മയക്കുമരുന്ന് കടത്താനും അത് പ്രോത്സാഹിപ്പിക്കുന്നവരുടെ ശ്രമങ്ങളെ ചെറുക്കാനും അവയിൽ ഉൾപ്പെട്ടവരെ കണ്ടെത്താനും എല്ലാ ശക്തിയോടെയും അവയെ നേരിടാനുള്ള സുരക്ഷശ്രമങ്ങൾ രാജ്യത്തിന്റെ എല്ലാ മേഖലകളിലും തുടരുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
റിയാദ് മേഖലയിലെ നാർകോട്ടിക് കൺട്രോൾ ഡിപ്പാർട്മെൻറ് കഴിഞ്ഞ കാലയളവിൽ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട പിടിച്ചെടുക്കലുകളെക്കുറിച്ചും സുരക്ഷ പ്രവർത്തനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ അവതരിപ്പിച്ച വിഡിയോ ഡോക്യുമെന്ററി മന്ത്രി കണ്ടു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് നർകോട്ടിക് കൺട്രോളിന്റെ നെറ്റ്വർക്ക്, സിസ്റ്റങ്ങൾ, ഉപകരണങ്ങൾ, പ്രോഗ്രാമുകൾ, ആപ്ലിക്കേഷനുകൾ എന്നിവയെ ഡിജിറ്റൽ ഭീഷണികളിൽനിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ‘റായ്സഡ് സെന്റർ ഫോർ നർകോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റി’ലെ സൈബർ സുരക്ഷ ഓപറേഷൻസിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
യോഗത്തിൽ ആഭ്യന്തര ഡെപ്യൂട്ടി മന്ത്രി ഡോ. നാസർ അൽദാവൂദ്, മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ ബതാൽ, സുരക്ഷകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ മുഹന്ന, പൊതുസുരക്ഷ ഡയറക്ടർ ലഫ്. ജനറൽ മുഹമ്മദ് അൽബസ്സാമി, പഠന ഗവേഷണ മന്ത്രിയുടെ ഓഫിസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഖാലിദ് അൽ-അരവാൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.