അൽഉലയിൽ സൗദി ടൂർ സൈക്ലിങ് റേസ് മത്സരം ഇന്നുമുതൽ
text_fieldsഅൽഉല: സൗദി ടൂർ സൈക്ലിങ് റേസ് മൂന്നാം പതിപ്പ് തിങ്കളാഴ്ച ആരംഭിക്കും. മത്സരം അൽഉലയിൽ ഫെബ്രുവരി മൂന്നുവരെ നടക്കുമെന്ന് സൗദി കായിക മന്ത്രാലയം അറിയിച്ചു. സൗദി സൈക്ലിങ് ഫെഡറേഷന്റെയും ഇൻറർനാഷനൽ സൈക്ലിങ് യൂനിയന്റെയും സഹകരണത്തോടെയാണ് മത്സരം. വിവിധ രാജ്യങ്ങളിൽനിന്നുള്ള 211 മത്സരാർഥികളെ 16 ടീമുകളായി തിരിച്ച് 851 കിലോമീറ്ററിൽ അഞ്ചു ഘട്ടങ്ങളിലായാണ് മത്സരം. അഞ്ചു ഘട്ടങ്ങളായി 851 കിലോമീറ്റർ ദൂരമാണ് മത്സരങ്ങൾ.
ആദ്യഘട്ടം തിങ്കളാഴ്ച അൽഉല അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഖൈബർ വരെ 180.5 കിലോമീറ്റർ ദൂരത്തിലും രണ്ടാംഘട്ടത്തിൽ റൈഡർമാർ വിൻറർ പാർക്കിൽനിന്ന് സിജിലാത്ത് വെള്ളച്ചാട്ടത്തിന്റെ പാറകളിലേക്ക് 184 കിലോമീറ്റർ ദൂരവും സഞ്ചരിക്കും. അടുത്ത ഘട്ടത്തിൽ അബൂ റക്കയിലേക്ക് 159.2 കിലോമീറ്റർ, നാലാമത്തെ ഘട്ടം മറയ തിയറ്ററിൽനിന്ന് ഹരത് അവിരിദ് വരെ 163.4 കിലോമീറ്റർ ദൂരം, അഞ്ചാംഘട്ടത്തിൽ പഴയ പട്ടണമായ അൽഉലയിൽനിന്ന് മറയ കച്ചേരി ഹാളിലേക്ക് 142.9 കി.മീ. ദൂരം എന്നിങ്ങനെയാണ് മത്സരങ്ങൾ.
ലൈസൻസുള്ള ഏഴ് യു.സി.ഐ ലോക ടീമുകളായ ടീം അസ്താന കസാഖ്സ്താൻ, ടീം ബഹ്റൈൻ വിക്ടോറിയസ്, ഫ്രഞ്ച് ടീം കോഫിഡിസ്, സ്പെയിൻ ടീം മൂവി സ്റ്റാർ, ആസ്ട്രേലിയയുടെ ടീം ജയ്കോ അൽഉല, ഡച്ച് ടീം ഡി.എസ്.എം, ടീം യു.എ.ഇ എന്നിവയാണ് ഇവൻറിൽ മത്സരിക്കുന്നത്. ബെൽജിയത്തിൽനിന്നുള്ള ബിൻഗോൾ ഡബ്ല്യു.ബി ടീം, സ്പെയിനിനെ പ്രതിനിധാനംചെയ്യുന്ന യൂസ്കാൾട്ടൽ യുസ്കടി ടീം, യു.എസിലെ ഹ്യൂമൻ പവർ ഹെൽത്ത് ടീം, സ്വിറ്റ്സർലൻഡിൽ നിന്നുള്ള ടീം ക്യു 36.5 പ്രഫഷനൽ, നോർവേയുടെ യുനോ എക്സ് പ്രൊ സൈക്ലിങ് ടീം, ഇറ്റാലിയൻ ടീം കൊറാറ്റക് എന്നിവയാണ് പങ്കെടുക്കുന്ന യു.സി.ഐ ലൈസൻസുള്ള ആറ് പ്രഫഷനൽ ടീമുകൾ. പ്രത്യേക ക്ഷണിതാക്കളായ സൗദി സൈക്ലിങ് ഫെഡറേഷൻ ടീം, മലേഷ്യയിലെ ടെറെംഗാനു പോളിഗോൺ ടീം, ജപ്പാെൻറ ജെ.സി.എൽ ടീം ഉക്യോ എന്നിങ്ങനെ മൂന്ന് ടീമുകളും മത്സരരംഗത്തുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.