റോഡൊരുങ്ങി; ‘അഖബത് ഷാർ’ ഇനി കാഴ്ചകളുടെ പറുദീസ
text_fieldsജിദ്ദ: പ്രകൃതി രമണീയത പർവതനിരകളുടെ മാന്ത്രിക കാഴ്ചയിലൊളിപ്പിച്ച് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമാണ് ‘അഖബ ഷാർ’. സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയായ അസീറിലെ പർവതനിരകളാൽ സമൃദ്ധവും പ്രശസ്തവുമാണ് ഇവിടം. എത്തിപ്പെടാൻ പ്രയാസമുള്ള മേഖലയുമായിരുന്നു. എന്നാലിപ്പോൾ മനോഹരമായ ചുരം റോഡ് ഒരുക്കി ഇവിടേക്ക് എളുപ്പം എത്തിച്ചേരാൻ കഴിയും വിധം ഗതാഗതസൗകര്യം സുഗമമാക്കിയിരിക്കുകയാണ്. സഞ്ചാരപാത ഒരുങ്ങിയതോടെ ഇനി സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാവും ഈ പ്രദേശം. മലമടക്കുകളിലെ പ്രകൃതിയുടെ നിഗൂഢസൗന്ദര്യം ഇനി ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാം.
അംബരചുംബികളായ ഗിരിനിരകളുടെ പരുക്കൻ ചരിവുകൾക്കിടയിലൂടെ ഇങ്ങോട്ടേക്കുള്ള യാത്ര മുമ്പ് വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. വഴി ഏറെ ദുർഘടം പിടിച്ചതായിരുന്നു. പ്രദേശവാസികൾക്കും വിനോദ സഞ്ചാരികൾക്കുമുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഇപ്പോൾ ഉന്നതനിലവാരത്തിലുള്ള റോഡുകളുടെ പണി പൂർത്തിയാക്കിയിരിക്കുകയാണ്. മലമടക്കുകളിലുടെയും മലഞ്ചെരിവുകളിലൂടെയും കുന്നിൻനിരകളുടെ മാറിലൂടെയും നീളുന്ന റോഡ് തന്നെ കാഴ്ചകളുടെ പുതു വസന്തമാകുന്നു.
അസീർ പ്രവിശ്യയുടെ ഹൃദയമായ അബഹ നഗരത്തിൽനിന്ന് 23 കിലോമീറ്റർ അകലെയാണ് ‘അഖബത് ഷാർ.’ പ്രദേശത്തേക്കുള്ള റോഡ് അസീറിലെ പൈതൃക പ്രദേശങ്ങളായ സാറാത് അസീർ, തിഹാമ എന്നിവയെ ബന്ധിപ്പിക്കുന്നതാണ്. ഈ ഉൾനാടൻ പ്രാചീന പട്ടണങ്ങളിലെ എണ്ണത്തിൽ വളരെ കുറഞ്ഞ നിവാസികൾക്ക് ഈ റോഡ് പുറംലോകവുമായി ബന്ധം ഉറപ്പിക്കുന്നതാണ്. മാത്രമല്ല റോഡ്, ടൂറിസം വികസനത്തിന്റെ ഭാഗമായി ഇപ്പോൾ പ്രാഥമിക ചികിത്സക്കും മറ്റാവശ്യങ്ങൾക്കുമുള്ള സൗകര്യങ്ങളും ഈ ഭാഗങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
40 വർഷം മുമ്പ് ഫഹദ് രാജാവിന്റെ ഭരണകാലത്ത് തന്നെ പ്രാദേശിക വികസനത്തിന് തുടക്കം കുറിച്ചിരുന്നു. നിലവിലുള്ളത് പരിഷ്കരിക്കാനും പുതിയ റോഡുകൾ നിർമിക്കാൻ അത്രയും നീണ്ടകാലത്തെ പ്രയത്നം ആവശ്യമായി വന്നു. പാറകൾ മുറിച്ചും തുരങ്കങ്ങൾ നിർമിച്ചും ബുദ്ധിമുട്ടേറിയ പണികളും ഉണ്ടായിരുന്നു. 11 തുരങ്കങ്ങളും 32 പാലങ്ങളുമാണ് ഈ റോഡിലുള്ളത്. ഇതിലൂടെയുള്ള പഴയ റോഡിന്റെ 14 കിലോമീറ്റർ ഭാഗം അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ വർഷമാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്.
റോഡ് സുരക്ഷയൊരുക്കാനും പണി വേഗത്തിൽ തീർക്കാനും ഏറ്റവും പുതിയ അന്താരാഷ്ട്ര സാങ്കേതികവിദ്യകളും മാനദണ്ഡങ്ങളും ഉപയോഗിച്ചു. റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഗതാഗത മേഖലയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വർധിപ്പിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും വിവിധ പദ്ധതികൾ ഇവിടെ പൂർത്തിയാക്കി. വൈദ്യുതി വിളക്കുകൾ, റോഡുകളുടെ വശങ്ങളിൽ ഫ്ലോർ ടൈലുകൾ പതിക്കൽ, പെയിൻറിങ്, ഇൻഫർമേഷൻ സൈനുകൾ, ഗ്രൗണ്ട് മാർക്കിങ്ങുകൾ, മുന്നറിയിപ്പ് വൈബ്രേഷനുകൾ, വശങ്ങളിലെ കോൺക്രീറ്റ് ബാരിക്കേഡുകൾ തുടങ്ങി എല്ലാ സുരക്ഷ സംവിധാനങ്ങളും റോഡുകളിൽ ഒരുക്കിയിട്ടുണ്ട്.
ഹജ്ജ്, ഉംറ, വ്യവസായം, വിനോദസഞ്ചാരം, വ്യാപാരം, ലോജിസ്റ്റിക്സ് സേവനങ്ങൾ തുടങ്ങിയ നിരവധി മേഖലകൾക്ക് സുപ്രധാനവും സാധ്യതയുള്ളതുമായ മേഖലകളിൽ ഒന്നായി ഈ റോഡ് ശൃംഖലയെ അധികൃതർ കണക്കാക്കുന്നു. റോഡ് വികസനം പൂർത്തിയാക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ വിവിധ മേഖലയിലുള്ള വമ്പിച്ച വികസനം കൂടിയാണ് ലക്ഷ്യമാക്കുന്നത്. പർവത നിരകളിലെ വശ്യമനോഹരമായ കാഴ്ചയൊരുക്കിയുള്ള റോഡ് നിർമാണം സഞ്ചാരികളെ ആകർഷിക്കുന്ന ഘടകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.