ചെങ്കടലിൽ ക്രൂസ് കപ്പൽ യാത്രയുടെ നാലാം സീസണിനൊരുങ്ങി സൗദി ടൂറിസം വകുപ്പ്
text_fieldsയാംബു: ചെങ്കടലിൽ ക്രൂസ് കപ്പൽ യാത്രയുടെ നാലാം സീസൺ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സൗദി ടൂറിസം വകുപ്പ്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ ഉടമസ്ഥതയിലുള്ള ക്രൂസ് കപ്പൽ വ്യവസായം ഇതിനകം സൗദിയുടെ ടൂറിസം വികസനത്തിൽ ഏറെ ശ്രദ്ധേയമായ ഒന്നായി മാറിയിട്ടുണ്ട്. സൗദിയിലെ പ്രമുഖ ട്രാവൽ കമ്പനിയുടെ ഉപസ്ഥാപനമായ ‘ഡിസ്കവർ സൗദി’യുമായുള്ള അതിെൻറ തുടർച്ചയായ സഹകരണത്തിെൻറ ഭാഗമായി നാലാം സീസൺ യാത്രാകരാർ ഇതിനകം പുതുക്കിയതായി അധികൃതർ അറിയിച്ചു.
കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽനിന്നും യാംബു വഴി യാത്ര തിരിക്കുന്ന കപ്പൽ വിവിധ പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങി വീണ്ടും കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലേക്ക് മടങ്ങും. കഴിഞ്ഞ ഏതാനും മാസങ്ങളായി ചെങ്കടലിലെ ക്രൂസ് കപ്പൽ ഉല്ലാസ യാത്ര നിർത്തിവെച്ചിരുന്നു. ദ്വീപുകൾ, ബീച്ചുകൾ, വർണാഭമായ പവിഴപ്പുറ്റുകൾ തുടങ്ങി ചെങ്കടലിലെ മനോഹരമായ കാഴ്ചകൾ കാണാനും ആസ്വദിക്കാനും സഞ്ചാരപ്രിയർക്ക് അവസരമൊരുക്കാൻ ലക്ഷ്യംവെച്ചാണ് ക്രൂസ് കപ്പൽയാത്ര ഒരുക്കിയിട്ടുള്ളത്.
സ്റ്റീം ബാത്ത് അടക്കമുള്ള എല്ലാവിധ ആധുനിക സൗകര്യങ്ങളും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് ആവശ്യമായ സേവനം നൽകാൻ പ്രഫഷനൽ സംഘവും ഉണ്ടാവും. രുചികരമായ സൗദി ഭക്ഷ്യവിഭവങ്ങളും വിളമ്പും. മക്കയും മദീനയും സന്ദർശിക്കാനെത്തിയ 5,200ലധികം പേരും കഴിഞ്ഞ സീസണിൽ ക്രൂസ് കപ്പൽ യാത്ര ഉപയോഗപ്പെടുത്തിയിരുന്നു. പ്രാദേശിക, അന്തർദേശീയ സന്ദർശകരെ കൂടുതൽ ആകർഷിക്കാനുള്ള വിവിധ പദ്ധതികൾ ഇത്തവണ ആസൂത്രണം ചെയ്യുന്നുണ്ട്.
സൗദിയിലെ ആഭ്യന്തര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യാന്തര യാത്രാകേന്ദ്രമെന്ന നിലയിൽ രാജ്യത്തിെൻറ വളർച്ചയെ സമ്പന്നമാക്കുന്നതിനുമുള്ള കാഴ്ചപ്പാടോടെയാണ് സൗദി ടൂറിസം വകുപ്പ് വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. സീസൺ നാലിലെ ചെങ്കടലിൽ ക്രൂസ് കപ്പൽ യാത്രക്ക് ഒരുക്കം തുടങ്ങുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും മികവുറ്റ യാത്രാസംവിധാനങ്ങൾ ഒരുക്കി വേറിട്ട യാത്രാനുഭവം പകരാൻ സഞ്ചാരികൾക്ക് അവസരം കിട്ടുന്നത് വേറിട്ട അനുഭവം സമ്മാനിക്കുമെന്നും ക്രൂസ് സൗദി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ലാർസ് ക്ലസെൻ പറഞ്ഞു.
2035ഓടെ 13 ലക്ഷം ക്രൂസ് സന്ദർശകരെ സ്വാഗതം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതർ പദ്ധതി ആവിഷ്കരിക്കുന്നത്. ചെങ്കടൽ തീരങ്ങളിലെ വികസനത്തിനും കടൽയാത്രയുടെ മികവിനും സൗദി ടൂറിസം മേഖലയുടെ വളർച്ചക്കും ക്രൂസ് കപ്പൽ സർവിസ് വ്യാപകമാക്കുന്നതോടെ കഴിയുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. 2025 ആകുന്നതോടെ ഈ മേഖലയിൽ അരലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും ടൂറിസം അതോറിറ്റി പ്രതീക്ഷിക്കുന്നു.
2028 ആകുമ്പോഴേക്കും ക്രൂസ് കപ്പലുകളിൽ പ്രതിവർഷം യാത്ര ചെയ്യുന്ന ടൂറിസ്റ്റുകളുടെ എണ്ണം 15 ലക്ഷമായി ഉയർത്താനും ലക്ഷ്യം വെക്കുന്നതായി സൗദി ക്രൂസ് കമ്പനി മാനേജിങ് ഡയറക്ടർ എൻജി. ഫവാസ് ഫാറൂഖി പറഞ്ഞു. ‘സൗദി വിഷൻ 2030’ ലക്ഷ്യം വെക്കുന്ന സമുദ്ര വിനോദ സഞ്ചാര മേഖലയിലെ വികസനം ഫലം കാണാൻ വമ്പിച്ച കുതിച്ചുചാട്ടമാണ് ടൂറിസം അതോറിറ്റിയുടെ ഓരോ പദ്ധതികളിലും ദൃശ്യമാകുന്നത്. രാജ്യത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച സ്ഥലങ്ങൾ എന്നിവയടക്കം സൗദിയുടെ ചരിത്ര സാംസ്കാരിക പൈതൃകങ്ങളും സമുദ്ര വിനോദ സഞ്ചാരികൾക്ക് കാണാനും അവസരം നൽകുന്ന വിവിധ യാത്രാപാക്കേജുകളാണ് ഇപ്പോൾ അധികൃതർ ആസൂത്രണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.