ഇന്ത്യൻ സഞ്ചാരികളിൽ ശ്രദ്ധകേന്ദ്രീകരിച്ച് സൗദി ടൂറിസം
text_fieldsറിയാദ്: ഇന്ത്യയിൽനിന്നുള്ള സഞ്ചാരികൾക്ക് സൗദി അറേബ്യയുടെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്നതിൽ സജീവശ്രദ്ധ കേന്ദ്രീകരിച്ച് സൗദി ടൂറിസം അതോറിറ്റി. ടൂറിസം പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇതിനകം സൗദിയുടെ പ്രകൃതിയും പൈതൃകവും ആതിഥ്യവും പരിചയപ്പെടുത്തുന്ന റോഡ്ഷോകൾ സംഘടിപ്പിച്ചു. രാജ്യത്തുടനീളമുള്ള യാത്ര വാണിജ്യ പരിപാടികളിൽ സജീവ പങ്കാളിത്തം ഉറപ്പുവരുത്തിയും ട്രാവൽ കമ്പനി പ്രതിനിധികളുമായി ആശയവിനിമയം നടത്തിയും തുടരുകയാണ് കാമ്പയിൻ. ലോകത്ത് ഏറ്റവും കൂടുതൽ കായികപ്രേമികൾ വീക്ഷിക്കുന്ന ട്വൻറി20 ക്രിക്കറ്റിൽ ഇന്ത്യൻ പ്രീമിയർ ലീഗുമായി പങ്കാളിത്ത കരാർ ഒപ്പുവെച്ചതും ഇന്ത്യക്കാരെ സൗദിയിലേക്ക് ആകർഷിക്കുന്നതിെൻറ ഭാഗമാണ്.
കിരീടാവകാശിയുടെ പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’െൻറ ഭാഗമായി ടൂറിസം മേഖലയിൽ രാജ്യത്തുണ്ടായ വലിയ മാറ്റങ്ങളും പുതിയ മേഖലകളും പ്രചാരണത്തിലെ പ്രധാന വിഷയമാണ്. 96 മണിക്കൂർ കാലാവധിയിൽ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്ന സ്റ്റോപ് ഓവർ (ട്രാൻസിസ്റ്റ്) വിസ, വിശ്വാസി സമൂഹത്തിന് തീർഥാടനം നിർവഹിക്കാനും ഇസ്ലാമിക ചരിത്ര ശേഷിപ്പുകളും കേന്ദ്രങ്ങളും കാണാനും മൂന്നുമാസം കാലാവധിയുള്ള ഇലക്ട്രോണിക് ഉംറ വിസ എന്നിവ അനുവദിച്ചതും ഇന്ത്യയിൽനിന്നുള്ള സന്ദർശകർ ഗണ്യമായി വർധിക്കാൻ ഇടയാക്കുമെന്നാണ് കണക്കുകൂട്ടൽ.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ എണ്ണം 2023ൽ ഇരട്ടിയാകുമെന്നാണ് സൗദി ടൂറിസം പ്രതീക്ഷിക്കുന്നത്. അതിൽ പ്രധാന പങ്ക് ഇന്ത്യൻ സഞ്ചാരികളുടേതാകും എന്നാണ് വിലയിരുത്തൽ. ടൂറിസം വകുപ്പിെൻറ കണക്കനുസരിച്ച് കഴിഞ്ഞ രണ്ടുവർഷങ്ങളിലായി സൗദി അറേബ്യയുടെ പ്രധാന ടൂറിസം ഉറവിട വിപണിയായി ഇന്ത്യ ഉയർന്നിട്ടുണ്ട്. ഇന്ത്യയിൽ നടക്കുന്ന സൗദി ടൂറിസം പ്രചാരണ കാമ്പയിനിൽ 20 ലക്ഷം ഇന്ത്യക്കാരെ സ്വാഗതം ചെയ്യാൻ ഒരുങ്ങുന്നതായി സൗദി ടൂറിസം പ്രതിനിധികൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
2030ഓടെ പ്രതിവർഷം ആഗോളതലത്തിൽ 10 കോടി സന്ദർശകരെ സ്വീകരിക്കാൻ ലക്ഷ്യംവെച്ചുള്ള സൗദിയുടെ നീക്കത്തിൽ പ്രധാനമായും സഞ്ചാരികളെ പ്രതീക്ഷിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നായ ‘ട്രാവൽ ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ’യുമായി സൗദി ടൂറിസം വകുപ്പ് സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയുള്ള ടൂറിസം വകുപ്പിന്റെ ശ്രമം ലക്ഷ്യംകാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ സഞ്ചാരാനുഭവമാണ് സൗദിയിലുള്ളത്. അൽ-ഉല വിനോദ മേഖല പോലെ പ്രകൃതിയും ചരിത്രവും സാംസ്കാരിക പൈതൃകവുമുള്ള നിരവധി സ്ഥലങ്ങളുണ്ട് സൗദിക്ക് സഞ്ചാരികൾക്ക് മുന്നിൽ പരിചയപ്പെടുത്താൻ. യുനെസ്കോ പട്ടികയിൽ ഉൾപ്പെട്ട അൽഅഹ്സ, അൽ തുറൈഫ് ദറഇയ്യ, മദാഇൻ സാലിഹ്, ശിലാ ലിഖിതങ്ങൾ, പൗരാണിക ജിദ്ദയിലെ ബാബ് മക്ക, നജ്റാനിലെ ഹിമ സാംസ്കാരിക മേഖല ഉൾെപ്പടെയുള്ള ടൂറിസം മേഖലകൾ സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവമാണ് സമ്മാനിക്കുക.
ഭാവിയിലേക്ക് ഒരുങ്ങുന്ന നിയോം, ദ ലൈൻ, ഖിദ്ദിയ്യ, ന്യൂ മുറബ്ബ, കിങ് സൽമാൻ പാർക്ക് ഉൾപ്പെടെയുള്ള സുപ്രധാന പദ്ധതികൾ പൂർത്തിയായാൽ സൗദി ടൂറിസം ലോക ടൂറിസം മാപ്പിെൻറ നെറുകയിൽ അടയാളപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.