വിനോദസഞ്ചാരത്തിന്റെ സുസ്ഥിര ഭാവിക്ക് കാലാവസ്ഥ ഭദ്രമാകണം -സൗദി ടൂറിസം മന്ത്രി
text_fieldsജിദ്ദ: വിനോദസഞ്ചാര മേഖലയുടെ സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കാലാവസ്ഥ സംരക്ഷണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ്. ടൂറിസം മേഖലയുടെ വീണ്ടെടുപ്പിന് തന്ത്രങ്ങളും മികച്ച രീതികളും ചർച്ചചെയ്യാൻ ഒരുമിച്ചു കൂടിയ ലോകനേതാക്കളുടെ സാന്നിധ്യത്തിൽ യു.എൻ പൊതുസഭയുടെ 76ാമത് സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാർബൻ പുറന്തള്ളൽ 2016നെക്കാൾ 2030ൽ 25 ശതമാനം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതിനാൽ കാലാവസ്ഥ സംരക്ഷണത്തിനും ആഗോളതാപനം കുറക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത നിർണായകമാണ്. ഇതിനായുള്ള തീവ്രശ്രമങ്ങൾ സൗദി അറേബ്യ ആരംഭിച്ചതായും ടൂറിസം മന്ത്രി പറഞ്ഞു. കോവിഡ് സമയത്ത് ടൂറിസം മേഖലയിൽ ആഗോളതലത്തിൽ ഏകദേശം 6.2 കോടി തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു.
ആഗോള പകർച്ചവ്യാധികളിൽ മാത്രം കാര്യങ്ങളെ പരിമിതപ്പെടുത്തരുത്. കാലാവസ്ഥ വ്യതിയാന വെല്ലുവിളികളെയും നേരിടേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നത് വെല്ലുവിളികളെ നേരിടാൻ കൂടുതൽ കഴിവുള്ള ഒരു ടൂറിസം മേഖല കെട്ടിപ്പടുക്കൽ ലക്ഷ്യമിട്ടാണെന്നും ടൂറിസം മന്ത്രി പറഞ്ഞു. ടൂറിസം മേഖലയുടെ ഭാവി ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ വർധിപ്പിക്കുന്നതിനും സംയുക്ത പ്രവർത്തനത്തിന്റെ അടിയന്തര ആവശ്യകത കോവിഡ് പ്രത്യാഘാതങ്ങൾ സ്ഥിരീകരിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
കാലാവസ്ഥ വ്യതിയാനവും ജൈവവൈവിധ്യ തകർച്ചയും തമ്മിലുള്ള ബന്ധം ടൂറിസം മേഖലയുടെ സുസ്ഥിരമായ ഭാവി കൈവരിക്കുന്നതിന് സഹകരണത്തിൽ അധിഷ്ഠിതമായ ഒരു സമഗ്ര സമീപനം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നു. സൗദിയുടെ സമഗ്ര പരിവർത്തന പദ്ധതിയായ 'വിഷൻ 2030' ന് അനുസൃതമായി ജൈവ വൈവിധ്യം സംരക്ഷിക്കൽ, വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പ്രജനനം, സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് 'ഹരിത സൗദി' എന്ന പേരിൽ ഒരു കൂട്ടം സംരംഭങ്ങൾ സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്.
മേഖലയിലുടനീളം 400 കോടി മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് 'ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനിഷ്യേറ്റീവ്' പദ്ധതിക്കും തുടക്കമായി.ടൂറിസം മേഖലയെ സംരക്ഷിക്കുന്നതിനുള്ള സൗദി ഭരണനേതൃത്വവും പ്രതിജ്ഞാബദ്ധമാണ്. മേഖലയിൽ സുസ്ഥിരമായ ഭാവി കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം പ്രധാന ആഗോള സംരംഭങ്ങൾ സൗദി അറേബ്യ നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.