വലിയ കുതിപ്പിനൊരുങ്ങി സൗദി ടൂറിസം കമീഷൻ
text_fieldsറിയാദ്: ചരിത്രാന്വേഷണവും ടൂറിസവും ഇഴചേർത്ത് ആഗോള വിനോദ സഞ്ചാര ഭൂപടത്തിൽ സൗദി അറേബ്യക്ക് ശ്രദ്ധേയസ്ഥാനം നേടിക്കൊടുത്ത സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജ് (എസ്.സി.ടി.എച്ച്) വലിയ കുതിപ്പിനൊരുങ്ങുന്നു. പബ്ലിക് റിലേഷൻസിലും മാർക്കറ്റിങ്ങിലും വിദഗ്ധനായ ഒരാളെ തന്നെ ഉപമേധാവിയായി നിയമിച്ച് പ്രസിഡൻറ് അമീർ സുൽത്താൻ ബിൻ സൽമാൻ ലക്ഷ്യമിടുന്നത് ടൂറിസം മേഖലയിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാനാണെന്ന് വിലയിരുത്തപ്പെടുന്നു. കമീഷെൻറ അസിസ്റ്റൻറ് പ്രസിഡൻറായി മാജിദ് അൽഷെദ്ദിയെ ചൊവ്വാഴ്ചയാണ് നിയമിച്ചത്. വെസ്റ്റ് വിർജീനിയയിലെ മാർഷൻ യൂനിവേഴ്സിറ്റിയിൽ നിന്ന് മാർക്കറ്റിങ്ങിന് പ്രത്യേക ഉൗന്നൽ നൽകി പബ്ലിക് റിലേഷൻസിലും വിദ്യാഭ്യാസത്തിലും രണ്ട് ബിരുദാനന്തര ബിരുദങ്ങൾ സ്വന്തമാക്കിയ അൽഷെദ്ദി സൗദി പബ്ലിക് അഡ്മിനിസ്ട്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലകനായും ശേഷം എസ്.സി.ടി.എച്ചിെൻറ മീഡിയ റിലേഷൻസ്, ഇൗവൻറ്സ് ഒാർഗനൈസിങ് കമ്മിറ്റി ഡയറക്ടർ ജനറലായും ദീർഘകാലം പ്രവർത്തിച്ച ശേഷമാണ് ഉപമേധാവി സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടത്.
കമീഷന് കരുത്തുറ്റ നേതൃത്വം നൽകുന്ന പ്രസിഡൻറ് അമീർ സുൽത്താൻ ബിൻ സൽെൻറ കീഴിൽ കഴിഞ്ഞ 15 വർഷം പ്രവർത്തിക്കാനായത് തെൻറ കഴിവുകളെ പരിപോഷിപ്പിക്കാനായെന്ന് അൽഷെദ്ദി പ്രതികരിച്ചു. ഭരണകാര്യങ്ങളിലും നേതൃപാടവം ആർജ്ജിക്കുന്ന കാര്യത്തിലും മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും അമീർ സുൽത്താൻ തനിക്ക് ഒരു അധ്യാപകനായി മാറുകയായിരുന്നെന്നും ഇത്രയും ഉന്നതമായ പദവിയിൽ അവരോധിക്കാൻ അദ്ദേഹം തന്നിൽ അർപ്പിച്ച വിശ്വാസം അഭിമാനം നൽകുന്നതാണെന്നും അൽഷെദ്ദി കൂട്ടിച്ചേർത്തു. രാജ്യത്തേയും ജനങ്ങളേയും കൂടുതൽ ഉത്തരവാദിത്ത ബോധത്തോടെ സേവിക്കാനുള്ള ഇൗ അവസരം ദേശീയ സ്വത്വത്തിൽ ഉറച്ചുനിന്ന് സൗദി ടൂറിസത്തിന് അന്താരാഷ്ട്ര രംഗത്ത് വിപണി തേടാനുള്ള കമീഷെൻറ വാണിജ്യ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന് വേണ്ടി പ്രയത്നിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമീർ സുൽത്താെൻറ നേതൃത്വത്തിൽ സൗദി ടൂറിസം കമീഷൻ ലോകത്തിെൻറ ശ്രദ്ധപിടിച്ചുപറ്റുന്ന പ്രവർത്തന പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
ആഭ്യന്തര വിനോദ സഞ്ചാര വികസനവും ദേശീയ പൈതൃക സംരക്ഷണവും പുരാവസ്തു ഖനനവും പുതിയ ചരിത്രാന്വേഷണങ്ങളുമായി കമീഷൻ ബഹുമുഖ പ്രവർത്തന പന്ഥവിലൂടെ വൻ മുന്നേറ്റമാണ് നടത്തുന്നത്. ലോക വിനോദ സഞ്ചാരികളുടെയും ചരിത്ര ഗവേഷകരുടെയും ശ്രദ്ധ സൗദിയിലേക്ക് തിരിയാൻ കമീഷെൻറ പ്രവർത്തനങ്ങൾ സഹായിച്ചിട്ടുണ്ട്. വിവിധ ലോകരാജ്യങ്ങളുമായി ചേർന്നുള്ള സംയുക്ത പുരാവസ്തു പര്യവേക്ഷണ പ്രവർത്തനങ്ങൾ യുനെസ്കോയുടെ പ്രശംസ നേടി മുന്നേറുകയാണ്. സൗദി പൗരാണിക ശേഷിപ്പുകളിൽ പലതിനും യുനെസ്കോയുടെ ലോക പൈതൃകസ്ഥാന പട്ടികയിൽ ഇടം പിടിക്കാൻ കഴിഞ്ഞതും കമീഷെൻറ പ്രയത്നഫലമായാണ്. ചൈനീസ് പുരാവസ്തുക്കളുടെ ആദ്യപ്രദർശനം സൗദിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു. റിയാദ് നാഷനൽ മ്യൂസിയത്തിൽ ഇപ്പോൾ പ്രദർശന പരിപാടി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.