സൗദി ടൂറിസം മേഖല ലക്ഷ്യമിടുന്നത് 10 കോടി വിനോദസഞ്ചാരികളെ
text_fieldsജുബൈൽ: വിനോദ സഞ്ചാരികളുടെ പറുദീസയായി സൗദി അറേബ്യയെ മാറ്റിയെടുക്കുന്നതിന് നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് രാജ്യത്തിെൻറ ടൂറിസം മേഖല. 2030ഓടെ 10 കോടി വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന് ആവശ്യമായ പരിപാടികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
വിദേശരാജ്യങ്ങളിൽ നിന്ന് 550 ലക്ഷവും ആഭ്യന്തരതലത്തിൽ 450 ലക്ഷവും വിനോദ സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ 10 ലക്ഷം തൊഴിലവസരങ്ങളും രാജ്യത്തിെൻറ ജി.ഡി.പിയിൽ 10 ശതമാനം വർധനവും ഉണ്ടാകുമെന്ന് കരുതുന്നു. 2019ലാണ് സൗദി ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങിയത്. കോവിഡ് ആരംഭിക്കുംമുമ്പ് നാലരലക്ഷം ടൂറിസ്റ്റ് വിസകൾ അനുവദിച്ചിരുന്നു.
49 രാജ്യങ്ങൾക്കായി ആദ്യഘട്ടത്തിൽ ഇ-വിസയായോ ഒാൺ അറൈവലായോ ടൂറിസ്റ്റ് വിസകൾ നൽകി. വിനോദസഞ്ചാരം സംബന്ധിച്ച് വിവിധ കാമ്പയിനുകൾ ആരംഭിച്ചു.
'സമ്മർ ഓഫ് സൗദി അറേബ്യ', 'സ്പിരിറ്റ് ഓഫ് സൗദി അറേബ്യ', 'ഞങ്ങളുടെ വേനൽക്കാലം, നിങ്ങളുടെ ആനന്ദം' തുടങ്ങി വിവിധ മുദ്രാവാക്യങ്ങൾ അടിസ്ഥാനമാക്കിയാണ് കാമ്പയിൻ നടന്നത്. ടൂറിസം വ്യവസായത്തിലേക്ക് സ്വകാര്യനിക്ഷേപം ആകർഷിക്കാനും സ്വകാര്യമേഖലയെ ഇൗരംഗത്ത് സജീവമാക്കാനും നടപടി സ്വീകരിച്ചു.
സൗദിയുടെ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ വൈവിധ്യങ്ങൾ, പ്രകൃതിവിഭവങ്ങൾ, പുരാവസ്തു ശേഖരങ്ങൾ എന്നിവ വിനോദസഞ്ചാരികൾക്ക് അനുഭവവേദ്യമാകുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കി. അന്തർദേശീയ, പ്രാദേശിക എക്സിബിഷനുകളിൽ ടൂറിസം അതോറിറ്റി പങ്കെടുക്കുകയും ലക്ഷ്യസ്ഥാനങ്ങൾ, സൈറ്റുകൾ, യാത്രാമാർഗങ്ങൾ, ഉൽപന്നങ്ങൾ, ടൂറിസ്റ്റ് പാക്കേജുകൾ എന്നിവ സന്ദർശകർക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തു.
കടൽയാത്രയും ചെങ്കടലിെൻറ ഭംഗി ആസ്വദിക്കാനുമായി ജിദ്ദ തുറമുഖത്തുനിന്ന് ക്രൂയിസ് കപ്പലുകളിൽ ടൂറുകൾ സംഘടിപ്പിച്ചു. വേനൽ അവധിക്കാലത്ത് യാത്രക്കാരെ ആകർഷിക്കാൻ നിരവധി പാക്കേജുകൾ പുറത്തിറക്കിയിരുന്നു.
വിനോദ സഞ്ചാരമേഖല അതിവേഗ വളർച്ച കൈവരിക്കുന്നതിനാൽ ദേശീയ സമ്പദ്വ്യവസ്ഥയുടെ അടിത്തറ വികസിപ്പിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനും വരുമാന സ്രോതസ്സുകൾ വർധിപ്പിക്കാനും തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാനും വിഷൻ 2030െൻറ പ്രധാന സ്തംഭങ്ങളിലൊന്നായ ടൂറിസം വളരെ സഹായകമാകുമെന്നാണ് അധികൃതർ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.