വേഗത കുറച്ചാൽ ഒരുപാട് ജീവിതങ്ങൾ സംരക്ഷിക്കാമെന്ന് സൗദി ട്രാഫിക്
text_fieldsയാംബു: നിരത്തുകളിൽ വേഗത കുറക്കണമെന്നും അല്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും സൗദി ട്രാഫിക് വകുപ്പിന്റെ മുന്നറിയിപ്പ്. വാഹനങ്ങൾ പരിധിയിൽ കവിഞ്ഞ വേഗത കൂട്ടുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്നും രാജ്യത്തെ ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് ആവർത്തിച്ചു.
വേഗതയുടെ തോതായിരിക്കും അപകടത്തിന്റെ തീവ്രത നിർണയിക്കുക. നാം ഓടിക്കുന്ന വാഹനത്തിന്റെ വേഗത കുറവാണെങ്കിൽ എതിർദിശയിൽനിന്ന് വരുന്ന വാഹനം അമിതവേഗത്തിൽ വന്ന് ഇടിച്ചാൽപോലും നമുക്കേൽക്കാവുന്ന ആഘാതത്തിന്റെ തോത് താരതമ്യേന കുറവായിരിക്കുമെന്നും അതിനാൽ അമിതവേഗത നിയന്ത്രിക്കേണ്ടുന്നത് അനിവാര്യമാണെന്നും ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വേഗത നിയന്ത്രിച്ചാൽ നമ്മുടെ ജീവിതത്തെ മാത്രമല്ല, അപരന്റെ ജീവിതത്തെക്കൂടിയാണ് സംരക്ഷിക്കുന്നത്.
നിരത്തിൽ തിടുക്കംകാട്ടി ഗുരുതര പരിക്കുകൾക്കും മരണങ്ങൾക്കും കാരണമാകണോ എന്ന് ചിന്തിക്കണമെന്നും ഇത്തരം അപകടങ്ങൾമൂലം വന്നുഭവിക്കുന്ന നാശനഷ്ടങ്ങളുടെ തീവ്രതയെക്കുറിച്ച് ആലോചിക്കണമെന്നും ബോധവത്കരണത്തിെൻറ ഭാഗമായ പ്രസ്താവനയിൽ പറയുന്നു.
ട്രാഫിക് നിയമ പ്രകാരം ഓടിക്കാവുന്ന പരമാവധി വേഗതയിലോ അതിൽ കുറഞ്ഞോ മാത്രം വാഹനമോടിക്കുന്ന ശീലം വളർത്തിയെടുക്കണം.
റോഡുകളിൽ ഡ്രൈവർമാരുടെ പെരുമാറ്റശൈലിയും സ്വഭാവത്തിലും മാറ്റം വരുത്തുന്നതിലൂടെ വമ്പിച്ച മാറ്റങ്ങൾക്കിടവരും. രാജ്യത്തുണ്ടാവുന്ന 85 ശതമാനം വാഹനാപകടങ്ങൾക്കും കാരണം ഡ്രൈവർമാരുടെ നിയമ ലംഘനങ്ങളാണെന്നും അപകടങ്ങൾ ഒഴിവാക്കാൻ ഉചിത നടപടികൾ സ്വീകരിക്കാൻ എല്ലാവരുടെയും യോജിച്ച പ്രവർത്തനങ്ങൾ വേണ്ടതുണ്ടെന്നും അധികൃതർ ഓർമപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.