യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധനയുമായി സൗദി ട്രെയിൻ
text_fieldsജിദ്ദ: ഈ വർഷം സൗദിയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തിയതായി സൗദി റെയിൽവേസ് അറിയിച്ചു. 2024 ലെ ആദ്യ പാദത്തിൽ ഇന്റർസിറ്റി ട്രെയിനുകൾ വഴി 6 ദശലക്ഷത്തിലധികം യാത്രക്കാർ യാത്രചെയ്തതായും 6 ദശലക്ഷം ടൺ ചരക്കുകൾ കടത്തിയതായും അധികൃതർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കിലെ റിപ്പോർട്ടിൽ വ്യക്തമാക്കി. ട്രെയിനുകൾ വഴിയുള്ള യാത്രാ ഗതാഗത സേവനങ്ങൾ നഗരങ്ങൾക്കുള്ളിലെ ട്രെയിനുകളിൽ രണ്ട് ദശലക്ഷത്തിലധികം യാത്രക്കാരെ എത്തിക്കുന്നതിനു സംഭാവന നൽകി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1.7 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 2023 വർഷത്തെ കണക്ക് താരതമ്യപ്പെടുത്തുമ്പോൾ 25.41ശതമാനം വളർച്ചാ നിരക്കാണിതെന്നും അധികൃതർ വ്യക്തമാക്കി. ട്രെയിനുകൾവഴി കൊണ്ടുപോയ ചരക്കുകളുടെ അളവ് 6 ദശലക്ഷം ടണ്ണിലധികം വസ്തുക്കളും വിവിധ ഉപകരണങ്ങളുമാ യിരുന്നു. മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 10.7ശതമാനം വർധനവ് ഇതു സൂചിപ്പിക്കുന്നു.
ട്രെയിൻ വഴിയുള്ള ചരക്കു നീക്കത്തിലുണ്ടായ വളർച്ച വഴി ഗതാഗത മേഖലയിൽ വമ്പിച്ച മാറ്റങ്ങളാണ് പ്രകടമാക്കിയത്. 20 ലക്ഷത്തിലേറെ ലോറികൾ റോഡുകളിൽനിന്ന് നീക്കം ചെയ്യാനും രാജ്യത്തെ ഇന്ധന ഉപയോഗത്തിൽ 30 ലക്ഷത്തിലേറെ ബാരൽ ലാഭിക്കാനും കാർബൺ ബഹിർഗമനം കുറക്കാനും 'ഗൂഡ്സ് ട്രെയിൻ സർവീസ്' ഉപകരിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടി. തന്ത്രപരമായ ആസൂത്രണം, ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള ഗതാഗതം, വിവിധ വിഭാഗങ്ങളുടെ സുസ്ഥിര പങ്കാളിത്തം എന്നിവ റെയിൽവേ ഗതാഗത മേഖലയിലെ കുതിപ്പിന് സഹായകമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പരിസ്ഥിതി സംരക്ഷണം, ഗുണഭോക്താക്കൾക്ക് സുരക്ഷ, സുരക്ഷാ നിലവാരം വർധിപ്പിക്കൽ, കാർബൺ പുറന്തള്ളൽ കുറക്കൽ എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്നതിനൊപ്പം, വ്യാവസായിക, ടൂറിസം മേഖലകൾ പോലുള്ള മറ്റു മേഖലകളെ പിന്തുണക്കുന്ന ഗതാഗതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാർഗമാണ് റെയിൽവേ വഴിയുള്ള ഗതാഗത സേവനങ്ങൾ.
രാജ്യത്തെ താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടത്താനും സൗദി റെയിൽവേ വഴി കഴിഞ്ഞതായും ഈ മേഖലയിൽ ഇനിയും വൻ മുന്നേറ്റം കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലുമാണ് സൗദി റെയിൽവേസ് അതോറിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.