ഹജ്ജ് അപേക്ഷകൾ തരംതിരിക്കൽ നടപടി പൂർത്തിയായെന്ന് സൗദി ഹജ്ജ് മന്ത്രാലയം
text_fieldsജിദ്ദ: ഹജ്ജിന് അപേക്ഷിക്കാനുള്ള കാലാവധി അവസാനിച്ചതോടെ അപേക്ഷകൾ ഇലക്ട്രോണിക് സംവിധാനം വഴി തരംതിരിക്കൽ നടപടി പൂർത്തിയായതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സ്വദേശികളും രാജ്യത്തിനകത്ത് താമസിക്കുന്ന വിദേശികളുമായ പരിമിതമായ ആളുകൾക്കാണ് ഇത്തവണ ഹജ്ജിന് അവസരമൊരുക്കുന്നത്.
രാജ്യത്തിനകത്ത് താമസിക്കുന്ന 160 വിദേശ രാജ്യക്കാരുടെ അപേക്ഷകൾ തരംതിരിച്ചതായി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. ഇത്തവണ മൊത്തം തീർഥാടകരിൽ 70 ശതമാനം രാജ്യത്തിനകത്തെ വിദേശികൾക്കും 30 ശതമാനം സ്വദേശികൾക്കുമാണ് നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷകൾ പൂർണമായി പരിശോധിച്ച് തെരഞ്ഞെടുത്തവരുടെ പട്ടിക ഉടനെ പ്രസിദ്ധീകരിക്കും.
അപേക്ഷ സമർപ്പിക്കൽ ആദ്യ നടപടിയാണ്. അന്തിമമായി ഹജ്ജിന് തെരഞ്ഞെടുത്തു എന്നർഥമില്ലെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കർശനമായ ആരോഗ്യ നിബന്ധകളാണ് ഇത്തവണ ഹജ്ജ് അപേക്ഷക്ക് ഏർപ്പെടുത്തിയത്. ഇത് പൂർണമായും പാലിച്ചവരെയാണ് തെരഞ്ഞെടുക്കുക.
വെള്ളിയാഴ്ചയായിരുന്നു ഹജ്ജ് അപേക്ഷ നൽകേണ്ടിയിരുന്ന അവസാന തീയതി. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഹജ്ജിന് വേറിട്ട പദ്ധതിയായിരിക്കുമെന്നും ഹജ്ജ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.