സൗദി വിഷൻ 2030; 87 ശതമാനം പദ്ധതികൾ പൂർത്തിയായി വരുന്നതായി അധികൃതർ
text_fieldsയാംബു: സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ 'വിഷൻ 2030' ന്റെ ലക്ഷ്യങ്ങളിൽ പകുതിയിലേറെ പൂർത്തിയായതായും ചിലതിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായും അധികൃതർ വ്യക്തമാക്കി. 1,064 സംരംഭങ്ങളിൽ 87 ശതമാനവും പൂർത്തീകരിക്കുകയോ ആസൂത്രണം ചെയ്തതുപോലെ മുന്നേറുകയോ ചെയ്തിട്ടുണ്ട്. 2030 നകം സാമ്പത്തിക രംഗത്ത് വമ്പിച്ച മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ 2016 ഏപ്രിൽ 25 ന് ആരംഭിച്ച സൗദിയുടെ സമഗ്ര പരിവർത്തന ദർശന പദ്ധതിയാണ് 'വിഷൻ 2030'. പദ്ധതിക്ക് കീഴിൽ 'നിയോം' ഉൾപ്പെടെ നിരവധി വമ്പൻ പ്രൊജക്റ്റുകളാണ് രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. സൗദിയുടെ ബഹുമുഖമായ പുരോഗതിക്കും ആഗോള തലത്തിൽ രാജ്യത്തിന്റെ സ്ഥാനം ഗണ്യമായി ഉയർത്താനും ഈ പദ്ധതി വഴിവെച്ചു. ഗണ്യമായ സാമ്പത്തിക വളർച്ചയിലൂടെയും മെച്ചപ്പെട്ട ജീവിത നിലവാരത്തിലൂടെ രാജ്യത്തെ പരിവർത്തനം ചെയ്യുക, രാജ്യത്തിന്റെ സമ്പന്നമായ ഭാവിക്ക് മുന്നൊരുക്കം നൽകുന്ന സുസ്ഥിരമായ സമ്പദ്വ്യവസ്ഥ സ്ഥാപിക്കുക എന്നതായിരുന്നു വിഷൻ 2030 പദ്ധതിയുടെ മുഖ്യ ആശയം.
2023-ലെ വാർഷിക റിപ്പോർട്ടിൽ പദ്ധതി സംരംഭങ്ങളുടെ പുരോഗതിയുടെ പ്രകടന സൂചകങ്ങളിൽ 81ശതമാനത്തിന്റെയും ലക്ഷ്യങ്ങൾ നേടിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിലെ 105 സൂചകങ്ങൾ പ്രകാരം 2025ലെ പദ്ധതി ലക്ഷ്യങ്ങളെ മറികടന്നതായി വിലയിരുത്തുന്നു. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അതിന്റെ നിയന്ത്രിത ആസ്തികൾ 2016 ലെ 2.09 ട്രില്യൺ റിയാലിൽ നിന്ന് ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി 2.81 ട്രില്യൺ റിയാലായി വർദ്ധിച്ചു. ഉംറ തീർഥാടകരുടെ എണ്ണത്തിൽ രാജ്യം ചരിത്രപരമായ വർധനവ് കൈവരിച്ചു, കഴിഞ്ഞ വർഷത്തേക്കാൾ 13.56 ദശലക്ഷം തീർഥാടകരാണ് ഈ സീസണിൽ രാജ്യത്തെത്തിയത്. കൂടാതെ, രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ആഗോള തലത്തിൽ വർദ്ധിച്ചുവരുന്ന അംഗീകാരവും പ്രതിഫലിപ്പിക്കുന്ന സൗദി പൈതൃക സൈറ്റുകൾ യുനെസ്കോയുടെ പൈതൃക സൈറ്റുകളിൽ ഇടം നേടി. റിയാദിൽ എക്സ്പോ 2030 ആതിഥേയത്വം വഹിക്കുന്നതോടെ, രാജ്യം അതിന്റെ പ്രാദേശികവും അന്തർദ്ദേശീയവുമായ നിലവാരം ഉയർത്തുന്ന പ്രവർത്തനങ്ങൾ തുടരുന്നു. സാമ്പത്തികവും സാംസ്കാരികവുമായ വികസനത്തെക്കുറിച്ചുള്ള ആഗോള സംഭാഷണങ്ങൾക്കിത് സംഭാവന നൽകി. വിനോദസഞ്ചാര മേഖലയും ശ്രദ്ധേയമായ വളർച്ച കൈവരിച്ചു, 27.4 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ഉൾപ്പെടെ 106 ദശലക്ഷം സന്ദർശകരെ സൗദി സ്വാഗതം ചെയ്യുകയും അന്താരാഷ്ട്ര വിനോദസഞ്ചാര വളർച്ചാനിരക്കിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
66,000 സൗദി കുടുംബങ്ങൾക്ക് ഇതിനകം വീടുകൾ ലഭ്യമായി. ഇത് 63.74 ശതമാനമായി ഉയർന്നു. 2030 ഓടെ വീടുകളുള്ള സൗദികളുടെ തോത് 70 ശതമാനമായി ഉയർത്തുകയെന്നതും വിഷൻ 2030 ലക്ഷ്യം വെക്കുന്നു. രാജ്യത്തിന്റെ അഭിവൃദ്ധിയും പൗരന്മാരുടെ ജീവിത നിലവാരവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക പരിഷ്കാരങ്ങളിലൂടെ, വിഷൻ 2030 ൽ നിശ്ചയിച്ചിട്ടുള്ള അഭിലാഷ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സൗദിയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ നാഴികക്കല്ലുകൾ പ്രതിഫലിപ്പിക്കുന്നത്. സൗദിയെ വൻ മാറ്റത്തിലേക്ക് നയിച്ച 'വിഷൻ 2030' ന് തുടർച്ചയായി 'വിഷൻ 2040' പ്രഖ്യാപിക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ ഈയിടെ പ്രഖ്യാപിച്ചതും ഏറെ ശ്രദ്ധേയമായി. വിവിധ മേഖലയിൽ ഇതിനകം തന്നെ രാജ്യം വൻ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. ഇരു ഹറമുകളുടെയും ഇസ്ലാമിക പുണ്യസ്ഥലങ്ങളുടെയും പദവിക്ക് യോജിച്ച വികസന പദ്ധതികളാണ് രാജ്യം നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.