സൗദി വിഷൻ 2030: മൂന്ന് തലങ്ങളിൽ രാജ്യം വലിയ പുരോഗതി കൈവരിച്ചെന്ന് സാമ്പത്തിക കൗൺസിൽ
text_fieldsയാംബു: സൗദി അറേബ്യയുടെ സമഗ്ര വികസന കാഴ്ചപ്പാടായ ‘വിഷൻ 2030’ന്റെ ചുവടുപിടിച്ച് മൂന്ന് തലങ്ങളിൽ രാജ്യം ഈ വർഷം രണ്ടാം പാദത്തോടെ വലിയ പുരോഗതി കൈവരിച്ചതായി കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്മെൻറ് അഫയേഴ്സ് (സി.ഇ.ഡി.എ) റിപ്പോർട്ട്. ഊർജസ്വലമായ സമൂഹം, അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്വ്യവസ്ഥ, അഭിലാഷമുള്ള രാജ്യം എന്നീ തലങ്ങളിലാണ് ഗണ്യമായ വളർച്ച പ്രകടമായിരിക്കുന്നത്.
ഈ രീതിയിൽ മുന്നോട്ട് പോകാനും ഇതിൽനിന്ന് കൂടുതൽ പ്രയോജനം നേടാനും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളാനും വേണ്ട ശിപാർശകൾ നൽകാനും കൗൺസിലിന്റെ കഴിഞ്ഞ ദിവസം കൂടിയ യോഗം തീരുമാനമെടുത്തു.
ഇക്കഴിഞ്ഞ സെപ്തംബർ മാസത്തെ സാമ്പത്തികാസൂത്രണ മന്ത്രാലയത്തിന്റെ റിപ്പോർട്ടും കൂടി പരിഗണിച്ചാണ് കൗൺസിൽ ഒരു വിലയിരുത്തലിൽ എത്തിയത്. ആഗോള സാമ്പത്തിക സംഭവവികാസങ്ങളും വലുതും വളർന്നുവരുന്നതുമായ സമ്പദ്വ്യവസ്ഥകളിലെ അവയുടെ പ്രത്യാഘാതങ്ങളും ദേശീയ സമ്പദ്വ്യവസ്ഥയിൽ അവ ചെലുത്തുന്ന സ്വാധീനവും കൗൺസിൽ യോഗം വിശകലനം ചെയ്തു.
ഈ വർഷത്തിന്റെ രണ്ടാം പാദത്തിലെ ‘വിഷൻ 2030’നുമായി ബന്ധപ്പെട്ട ‘റിയലൈസേഷൻ പ്രോഗ്രാമു’കളുടെ പുരോഗതിയെക്കുറിച്ചുള്ള സി.ഇ.ഡി.എയിലെ സ്ട്രാറ്റജിക് മാനേജ്മെൻറ് ഓഫീസ് റിപ്പോർട്ടും യോഗം ചർച്ച ചെയ്തു.
വിഷൻ പ്രോഗ്രാമുകളുടെ പ്രധാന നേട്ടങ്ങളും തന്ത്രപരമായ ലക്ഷ്യങ്ങളും ചർച്ചയിൽ പങ്കെടുത്തവർ എടുത്തുപറഞ്ഞു. വിവിധ സർക്കാർ ഏജൻസികളുടെ പ്രകടനത്തെക്കുറിച്ചുള്ള നാഷനൽ സെൻറർ ഫോർ പെർഫോമൻസ് മെഷർമെൻറ് വിലയിരുത്തലുകളും കൗൺസിൽ ചർച്ച ചെയ്തു.
വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സർക്കാർ ഏജൻസികളുടെ പ്രകടനത്തിന്റെ വിശദാംശങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ദേശീയ വികസന കാഴ്ചപ്പാടിലേക്ക് വിവിധ സംവിധാനങ്ങൾ പരിവർത്തിപ്പിക്കുന്നതിലൂടെ ‘വിഷൻ’ ലക്ഷ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഭാവി സാധ്യതകൾ യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.