രാജ്യത്തിന് പുറത്തുപോകാതെ തന്നെ സൗദി സന്ദർശന വിസ ആറ് മാസം വരെ ഓൺലൈനിൽ പുതുക്കാം
text_fieldsറിയാദ്: സന്ദർശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓൺലൈനിൽ പുതുക്കാൻ അനുവദിച്ച് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്). ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശന വിസകളാണ് പുതുക്കാൻ അവസരം. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് വിസകൾ പുതുക്കേണ്ടത്. 180 ദിവസം വരെ ഓണ്‍ലൈനില്‍ വിസ പുതുക്കാം.
വിസ നീട്ടുന്നതിന് പാസ്‌പോര്‍ട്ടൊന്നിന് 100 റിയാല്‍ ആണ് ജവാസാത്ത് ഫീ ആയി അടക്കേണ്ടത്. മള്‍ട്ടിപ്ള്‍ വിസക്ക് മൂന്നു മാസത്തേക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. വിസ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാണ് നല്‍കേണ്ടത്. ഇതിന് ജവാസാത്ത് ഓഫീസ് സന്ദര്‍ശിക്കേണ്ടതില്ല.
എന്നാല്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകള്‍ ചില സമയങ്ങളില്‍ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സാധിക്കില്ല. അവര്‍ തവാസുല്‍ വഴി അപേക്ഷ നല്‍കണം. 180 ദിവസം വരെ മാത്രമേ ഓണ്‍ലൈനില്‍ പുതുക്കുകയുള്ളൂ. അതിന് ശേഷം ഓണ്‍ലൈനില്‍ പുതുക്കാന്‍ സാധിക്കാത്തതിനാല്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തുകടന്ന് തിരിച്ചുവരേണ്ടിവരും.
നേരത്തെ ഓരോ മൂന്നു മാസവും സൗദി അറേബ്യക്ക് പുറത്ത് പോയി തിരിച്ചുവരേണ്ടിയിരുന്നു. പുതിയ തീരുമാനം സന്ദർശക വിസയിലുള്ള പതിനായിരങ്ങൾക്ക് ഏറെ ആശ്വാസകരമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.