ഗസ്സയിലെ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് സൗദി
text_fieldsറിയാദ്: 15 മാസത്തെ വിനാശകരമായ യുദ്ധത്തിന്റെ ആഘാതങ്ങൾക്കൊടുവിൽ ഗസ്സയിലെ വെടിനിർത്തൽ കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങൾ ഇക്കാര്യത്തിൽ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
കരാർ പാലിക്കപ്പെടണം. ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണം. ഗസ്സയിലും മറ്റ് ഫലസ്തീനിയൻ, അറബ് പ്രദേശങ്ങളിലുംനിന്ന് ഇസ്രായേൽ അധിനിവേശ സേന പൂർണമായും പിൻവലിയണം. മാത്രമല്ല കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അവരുടെ നാടുകളിലേക്ക് മടങ്ങാൻ വഴിയൊരുങ്ങണം. ഇതെല്ലാം ശാശ്വത സമാധാനത്തിന് ആവശ്യമാണെന്നും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. ഫലസ്തീൻ ജനതയെ അവരുടെ അവകാശങ്ങൾ ഉപയോഗിച്ച് ശാക്തീകരിക്കുന്നതിലൂടെ സംഘർഷത്തിന്റെ അടിസ്ഥാനം പരിഹരിക്കുന്നതിന് ഈ ഉടമ്പടി കെട്ടിപ്പടുക്കേണ്ടതുണ്ട്. കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തിയിൽ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് പ്രഥമവും പ്രധാനവുമായ ആവശ്യമെന്നും സൗദി പറഞ്ഞു.
45,000ത്തിലധികം രക്തസാക്ഷികളുടെ ജീവൻ അപഹരിക്കുകയും ഒരു ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ക്രൂരമായ ഇസ്രായേലി യുദ്ധം ഈ കരാർ ശാശ്വതമായി അവസാനിപ്പിക്കുമെന്ന് സൗദി പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.