പാരിസ് ഒളിമ്പിക്സിൽ സജീവ പങ്കാളിത്തവുമായി സൗദിയും
text_fieldsറിയാദ്: പാരിസിൽ ആരംഭിച്ച ഒളിമ്പിക്സിൽ സജീവ പങ്കാളിത്തവുമായി സൗദി അറേബ്യയും. സെൻ നദി തീരത്ത് വെള്ളിയാഴ്ച വൈകീട്ട് അരങ്ങേറിയ ഉദ്ഘാടനച്ചടങ്ങിൽ സൗദി സ്പോർട്സ് രംഗത്തെ പ്രമുഖരും കായിക താരങ്ങളും സംബന്ധിച്ചു. കായിക മന്ത്രിയും സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി പ്രസിഡൻറുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ, ഡെപ്യൂട്ടി മന്ത്രി അമീർ ഫഹദ് ബിൻ ജലവി ബിൻ അബ്ദുൽ അസീസ് തുടങ്ങി നിരവധിപേർ സംബന്ധിച്ചു.
ഉദ്ഘാടന വേളയിൽ സൗദി ജംപിങ് റൈഡറായ റംസി അൽദുഹാമിയും തൈക്വാൻഡോ ദേശീയ ടീം താരം ദുനിയ അബൂ ത്വാലിബും പതാക ഉയർത്തി. ഒളിമ്പിക് ഗെയിംസിൽ ഏറ്റവുമധികം തവണ പങ്കെടുത്ത സൗദി താരമാണ് അൽദുഹാമി.
നേരിട്ടുള്ള യോഗ്യതയിലൂടെ ഒളിമ്പിക് ടൂർണമെൻറുകളിൽ പങ്കെടുക്കുന്ന ആദ്യ സൗദി താരമാണ് ദുനിയ അബൂ ത്വാലിബ്. തന്റെ സഹപ്രവർത്തകയായ ദുനിയ അബൂ ത്വാലിബിനൊപ്പം ഒളിമ്പിക് ഫോറത്തിൽ സൗദിയുടെ പതാക ഉയർത്താനായതിൽ അഭിമാനിക്കുന്നുവെന്ന് റംസി അൽദുഹാമി പറഞ്ഞു. ഇത് അഭിമാനകരമാണെന്നും ഏതൊരു സൗദി പൗരന്റെയും സ്വപ്നമാണെന്നും റംസി പറഞ്ഞു.
സൗദി കായികരംഗം ഇന്ന് ആർജിച്ച പ്രശസ്തിക്ക് ഇണങ്ങുംവിധം ഒളിമ്പിക്സിൽ തനിക്കും സഹതാരങ്ങൾക്കും നേട്ടമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയും റംസി പങ്കുവെച്ചു.
ഒളിമ്പിക് ഫോറത്തിൽ രാജ്യത്തിന്റെ പതാക ഉയർത്തിയതിൽ അഭിമാനിക്കുന്നതായും ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നത് ഏതൊരു കായികതാരത്തിന്റെയും സ്വപ്നമാണെന്നും ദുനിയ അബൂ ത്വാലിബ് പറഞ്ഞു.
മാതൃരാജ്യത്തിന്റെ കായികരംഗത്തിന് ഭരണകൂടം നൽകുന്ന പിന്തുണയും താൽപര്യവും കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കിയുടെ നിരന്തര മേൽനോട്ടവും തങ്ങൾക്ക് ഏറെ കരുത്തുപകരുന്നതാണെന്നും അതിനനുസൃതമായ ഒരു നേട്ടം ഒളിമ്പിക്സിൽ ഉണ്ടാക്കാൻ ആഗ്രഹിക്കുകയാണെന്നും ദുനിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.