കൊടുമുടിയിൽ വിനോദസഞ്ചാരം
text_fieldsജിദ്ദ: സൗദി അറേബ്യയിലെ പ്രശസ്ത വിനോദസഞ്ചാര മേഖലയായ അബഹയിലെ അൽസൗദ പർവതത്തിൽ പുതിയ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് കിരീടാവകാശി. രാജ്യത്തെ തെക്കുഭാഗമായ അസീർ പ്രവിശ്യയിലെ അൽസൗദ പർവതത്തിന്റെയും അതിന്റെ താഴ്വരയിലെ പൗരാണിക ഗ്രാമമായ റിജാൽ അൽമയുടെയും ചില ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ‘ഖിമമ് അൽസൗദ’ എന്ന പുതിയ വിനോദസഞ്ചാര വികസന പദ്ധതി അൽസൗദ ഡെവലപ്മെന്റ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചത്.
അൽസൗദ പർവതത്തിന്റെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിലാണ് ആഡംബര രീതിയിൽ പർവത ടൂറിസം സൗകര്യങ്ങൾ ഒരുക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 3015 മീറ്റർ ഉയരത്തിലാണ് ഈ കൊടുമുടി.
അഭൂതപൂർവമായ ജീവിതാനുഭവം പ്രദാനം ചെയ്യുന്നതിലൂടെ ആഡംബര പർവത ടൂറിസത്തിന്റെ പുതിയ മുഖം അൽസൗദ കൊടുമുടികൾ പ്രതിഫലിപ്പിക്കുമെന്ന് കിരീടാവകാശി പറഞ്ഞു. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ടൂറിസം, വിനോദ മേഖല വികസിപ്പിക്കുന്നതിനും പദ്ധതി വലിയ പങ്കുവഹിക്കും. മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 2.9 കോടി റിയാലിലധികം ഇതിലൂടെ മുതൽ ചേർക്കാനാവും. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ നേരിട്ടും അല്ലാതെയും സൃഷ്ടിക്കപ്പെടും. പരിസ്ഥിതിയും പ്രകൃതി, പൈതൃക വിഭവങ്ങളും സംരക്ഷിക്കുന്നതിനും ഭാവി തലമുറകൾക്കായി അവയെ സംരക്ഷിക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങൾക്കൊപ്പം ഇതിലൂടെ സൗദി അറേബ്യയും പങ്കാളിയാവുകയാണെന്നും കിരീടാവകാശി പറഞ്ഞു.
രാജ്യത്തിന്റെ വരുമാനസ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും അന്താരാഷ്ട്ര, പ്രാദേശിക നിക്ഷേപങ്ങൾക്കായി ആകർഷകമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ഇത് സഹായിക്കും. ടൂറിസം മേഖലക്ക് ഗുണപരമായ ഒരു കൂട്ടിച്ചേർക്കൽ സൃഷ്ടിക്കുകയും സൗദിയിലെ സാംസ്കാരിക വശം ഉയർത്തിക്കാട്ടുകയും ചെയ്യും. രാജ്യത്തെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് ഇത് സംഭാവന ചെയ്യും.
സൗദ കൊടുമുടികളുടെ സൗന്ദര്യം പര്യവേഷണം ചെയ്യാനും അതിന്റെ തനതായ പൈതൃകം, ആധികാരിക സംസ്കാരം, ആതിഥ്യമരുളുന്ന സമൂഹം എന്നിവയെക്കുറിച്ച് പഠിക്കാനും പ്രകൃതിയുടെ മടിത്തട്ടിലും മേഘങ്ങളിലും മറക്കാനാവാത്ത അനുഭവങ്ങൾ ആസ്വദിക്കാനും ലോകത്തിന് അവസരം ലഭിക്കും.
ഖിമമ് അൽസൗദ പദ്ധതി പ്രതിവർഷം 20 ലക്ഷം സന്ദർശകർക്ക് ആഡംബര വിനോദസഞ്ചാര അനുഭവം പ്രദാനം ചെയ്യും. തഹ്ലീൽ, സഹാബ്, സബ്റ, ഗ്രീൻ, റിജാൽ, റെഡ് റോക്ക് എന്നിങ്ങനെ വ്യതിരിക്തമായ കാഴ്ചാനുഭവം പകരുന്ന ആറ് പ്രധാന പ്രദേശങ്ങളാണ് ഇവിടെയുള്ളത്. ആഡംബര ഹോട്ടലുകളും ഹിൽ റിസോർട്ടുകളുമാണ് പദ്ധതിക്ക് കീഴിൽ ഒരുക്കുന്നത്.
ആഡംബര പ്രൊവിഷനൽ സ്റ്റോറുകളും കൊട്ടാരങ്ങളും പാർപ്പിട സൗകര്യങ്ങളും നിർമിക്കും.
വിനോദം, കായികം, സാംസ്കാരിക പരിപാടികൾ എന്നിവക്കുള്ള സൗകര്യങ്ങൾക്ക് പുറമെ 2700 ഹോട്ടൽ മുറികൾ, 1336 റെസിഡൻഷ്യൽ യൂനിറ്റുകൾ, 80,000 ചതുരശ്ര മീറ്റർ വാണിജ്യ ഇടം എന്നിവ 2033-ഓടെ വികസിപ്പിക്കും. ഖിമമ് അൽസൗദയുടെ പദ്ധതിയിൽ മൂന്ന് പ്രധാന ഘട്ടങ്ങളുണ്ട്. ആദ്യഘട്ടം 2027ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യഘട്ടത്തിൽ 940 ഹോട്ടൽ മുറികൾ, 391 റെസിഡൻഷ്യൽ യൂനിറ്റുകൾ, 32,000 ചതുരശ്ര മീറ്റർ വാണിജ്യ ഇടം എന്നിവ ഉൾപ്പെടുമെന്നും കിരീടാവകാശി പറഞ്ഞു.
627 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന അൽസൗദ പർവത മേഖലയിൽ കാടുകളും ചെറുതും വലുതുമായ കുന്നുകളുമാണ് ഉള്ളത്. മൊത്തം പ്രദേശത്തിന്റെ ഒരു ശതമാനം സ്ഥലത്ത് മാത്രമേ പദ്ധതിയുടെ ഭാഗമായ കെട്ടിടങ്ങൾ നിർമിക്കൂ. പരിസ്ഥിതിയെയും പ്രകൃതി വിഭവങ്ങളെയും പൂർണമായി സംരക്ഷിക്കുന്നതിനാവശ്യമായ സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിച്ചുമുള്ള പദ്ധതി നടപ്പാക്കൽ മാത്രമേ ഇവിടെയുണ്ടാവൂ.
സൗദി ഗ്രീൻ ഇനിഷ്യേറ്റിവിന്റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കും.
പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് കമ്പനികളിലൊന്നാണ് അൽസൗദ ഡെവലപ്മെന്റ്. വ്യതിരിക്തമായ പർവത വിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കാനും പദ്ധതി പ്രദേശത്തെ പ്രകൃതി പരിസ്ഥിതിയും മനുഷ്യ സാംസ്കാരിക പൈതൃകവും സംരക്ഷിക്കാനും അത് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.