വോളിബാളിലും സൗദി വനിതകൾ കഴിവ് തെളിയിക്കുന്നു
text_fieldsയാംബു: കായികരംഗത്തും സൗദി വനിതകളുടെ ശാക്തീകരണം ഉറപ്പാക്കി കായിക മന്ത്രാലയം. വിവിധ കായികയിനങ്ങളിൽ യുവതികളുടെ സാന്നിധ്യം ഇന്ന് സജീവമാണ്.
വോളിബാളിൽ അന്താരാഷ്ട്രതലത്തിൽ സൗദി യുവതികളുടെ പ്രകടനം മെച്ചപ്പെടുത്താൻ കായിക മന്ത്രാലയം വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തുകഴിഞ്ഞു. അതിെൻറ ഭാഗമായി അന്താരാഷ്ട്ര പരിശീലനങ്ങളിൽ പങ്കെടുപ്പിക്കുകയാണ് വനിത കളിക്കാരെ. സ്ലൊവീനിയയിലെ ക്രാഞ്ച്സ്‌ക ഗോരയിൽ കഴിഞ്ഞ മാസം 24 മുതൽ 26 വരെ നടന്ന അന്താരാഷ്ട്ര വോളിബാൾ പരിശീലന ക്യാമ്പിൽ പങ്കെടുത്ത് ദാന അലി മുഹ്‌സിൻ എന്ന സൗദി വനിത പരിശീലക, വിദേശത്ത് പരിശീലനം നേടുന്ന ആദ്യ വോളിബാൾ കോച്ചായി മാറി. യൂറോപ്യൻ വോളിബാൾ ഫെഡറേഷെൻറ ആഭിമുഖ്യത്തിൽ 150ഓളം പുരുഷ, വനിത പരിശീലകർക്കുവേണ്ടി നടത്തിയ ക്യാമ്പിൽ പങ്കെടുക്കുന്ന ആദ്യ സൗദി വനിത പരിശീലക എന്ന ബഹുമതിയാണ് ദാന അലി മുഹ്‌സിൻ നേടിയത്.
അന്താരാഷ്ട്ര പരിശീലനത്തിൽ പങ്കെടുക്കാൻ ഏഷ്യൻ ഭൂഖണ്ഡത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 കോച്ചുകളിൽ ഒരാളായിരുന്നു അവർ. വോളിബാളിനോടുള്ള ദാനയുടെ അഭിനിവേശം ചെറുപ്പംമുതലേയുണ്ടായിരുന്നു. 40ലധികം കളിക്കാർ ഉൾപ്പെടുന്ന 'ബ്ലൂ ക്ലിക്കേഴ്സ്' എന്ന ടീം തന്നെ അവർ നേരത്തേ രൂപവത്‌കരിച്ചിരുന്നു. വിവിധ വോളിബാൾ മത്സരങ്ങളിൽ ഏറെ മികവ് പുലർത്താനും അവർക്കായി. സൗദി വനിതകളെ വോളിബാൾ രംഗത്ത് വമ്പിച്ച മുന്നേറ്റം ഉണ്ടാക്കാനാവുംവിധം പരിശീലിപ്പിക്കാനുള്ള പദ്ധതികളാണ് കായിക മന്ത്രാലയം നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.