ദുരിതാശ്വാസ പ്രവർത്തനത്തിന് സൗദി യുവതികളും
text_fieldsയാംബു: ഭൂകമ്പം വിതച്ച ദുരിതത്തിൽനിന്ന് കരകയറാൻ പരിശ്രമിക്കുന്ന തുർക്കിയയിലെ ജനങ്ങൾക്ക് ഒരു കൈ സഹായവുമായി സൗദി യുവതികളും. സൗദി സന്നദ്ധ സംഘാംഗങ്ങളായി എത്തിയ മൗദ അൽ ബരീദി, ഷരീഫ ൂസുഫ്, റഹാഫ് അൽ ഉബൈദ് എന്നീ യുവതികൾ പ്രവർത്തനരംഗത്ത് വളരെ സജീവമാണ്. പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും വേണ്ടി വിശ്രമമില്ലാത്ത സേവന പ്രവർത്തനങ്ങളിലാണ് അവർ ഏർപ്പെട്ടിരിക്കുന്നത്.
ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ അവസരം ലഭിച്ചതിെൻറ അനുഭവങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളോട് പങ്കുെവച്ച അവർ കരളലിയിക്കുന്ന കാഴ്ചകളാണ് കൺമുന്നിൽ നിറഞ്ഞതെന്ന് വിശദീകരിച്ചു. സന്നദ്ധപ്രവർത്തനത്തിൽ സൗദി അറേബ്യയെ പ്രതിനിധാനംചെയ്യുന്നതിലും തുർക്കിയയിലെ ദുരിതബാധിതരാ ജനതക്ക് സഹായം നൽകാൻ കഴിഞ്ഞതിലും അഭിമാനിക്കുന്നതായി അവർ പറഞ്ഞു.
ദുരന്തത്തിൽ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലുമാണ് ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നതെന്നും യുവതികൾ വ്യക്തമാക്കി.
‘മനുഷ്യത്വത്തിന് അതിരുകൾ തടസ്സമല്ല’ എന്ന സന്ദേശം നൽകിയാണ് സൗദി സന്നദ്ധ സംഘം സേവന പ്രവർത്തനങ്ങൾ തുടരുന്നത്. 20 ലക്ഷം ജനസംഖ്യയുള്ള ഗാസിയാൻ ടെപ് നഗരത്തിലാണ് ഭീമമായ ആൾ നാശം ഉണ്ടായത്. ഈ പ്രദേശത്താണ് സൗദി റെഡ് ക്രസൻറ് ടീമാംഗങ്ങളായി യുവതികൾ ഇപ്പോൾ സേവന പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നത്.
കൊടും തണുപ്പടക്കം കനത്ത പ്രതിസന്ധികൾക്കിടയിലും ദുരിതത്തിലായവരെ സഹായിക്കാൻ അവസരം ലഭിച്ചതിെൻറ സന്തോഷത്തിലാണ് ടർക്കിഷ് ഭാഷയിൽ പ്രാവീണ്യമുള്ള റഹാഫ് അൽ ഉബൈദ്. ഭൂകമ്പബാധിതർക്ക് പ്രഥമശുശ്രൂഷ നൽകലാണ് അവരുടെ ദൗത്യം. പ്രതിസന്ധികളും ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഉയർന്ന തലത്തിലുള്ള പരിശീലനം ലഭിച്ചതിന് ശേഷമുള്ള ആദ്യ വിദേശ ദൗത്യമാണ് അവരുടേത്.
റിയാദിൽനിന്ന് തുർക്കിയയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കുടുംബം നൽകിയ വലിയ ധാർമിക പിന്തുണയും പ്രോത്സാഹനവും സേവനമേഖലയിൽ മുന്നേറാൻ ഏറെ കരുത്ത് നൽകിയതായി ഷരീഫ യൂസുഫ് പറഞ്ഞു. എൻജി. അബ്ദുല്ല അൽ റുവൈലിയുടെ നേതൃത്വത്തിലുള്ള ടീമിെൻറ ഭാഗമായാണ് മൂന്ന് യുവതികളും രക്ഷ-ദുരിതാശ്വാസ നടപടികളിൽ മുഴുകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.