സൗദിയ ജീവനക്കാരനെ കാറിനകത്തിട്ട് കത്തിച്ച പ്രതിക്ക് വധശിക്ഷ നടപ്പാക്കി
text_fieldsജിദ്ദ: സുഹൃത്തിനെ കാറിനകത്തിട്ട് പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയ എയർലൈൻസിൽ ജീവനക്കാരനായിരുന്ന ബന്ദർ ബിൻ ത്വാഹ അൽ ഖർഹാദിയുടെ ദാരുണമായ കൊലപാതകത്തിൽ ബറകത്ത് ബിൻ ജിബ്രീൽ അല്‍കനാനിക്കാണ് സുപ്രീം കോടതി ശിക്ഷ നടപ്പാക്കിയത്.
കഴിഞ്ഞ വർഷം ഡിസംബർ 10 നാണ് 40 കാരനും രണ്ടു കുട്ടികളുടെ പിതാവുമായ ബന്ദർ ബിൻ താഹ അൽ ഖർഹാദി അതിക്രൂരമായി കൊല്ലപ്പെടുന്നത്. ബന്ദര്‍ അല്‍ഖര്‍ഹാദിയെ കാറിനകത്തിട്ട് ജീവനോടെ പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ നാലു കാറുകളും കത്തി നശിച്ചിരുന്നു. മയക്കുമരുന്ന് കൈവശം വെച്ച പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും തെളിഞ്ഞിരുന്നു. എന്ത് തെറ്റ് ചെയ്തതിന്റെ പേരിലാണ് തന്നെ കൊലപ്പെടുത്തുന്നതെന്ന് മരണപ്പെടുന്നതിന് തൊട്ടു മുമ്പ് ബന്ദര്‍ അല്‍ ഖര്‍ഹദി പ്രതിയോട് ആരായുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
20 വർഷമായി സൗദിയ എയർലൈൻസിൽ കാബിൻ ക്രൂ ആയി ജോലി ചെയ്യുകയായിരുന്ന ബന്ദർ ബിൻ താഹ അൽ ഖർഹാദിയെ സുഹൃത്ത് ബറകത്ത് ബിൻ ജിബ്രീൽ തന്ത്രപൂർവം വിളിച്ചുവരുത്തിയ ശേഷം കാറിനകത്തിട്ട് പൂട്ടി. ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടുകയും ചെയ്തു.
മകന്റെ ഘാതകന് മാപ്പു കൊടുക്കില്ലെന്നും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നും പിതാവ് ത്വാഹ അൽ ഖർഹാദി അന്ന് തന്നെ ആവശ്യപ്പെട്ടിരുന്നു. മകന്റെ കൊലയാളിക്ക് കോടതി വിധിച്ച വധശിക്ഷ നടപ്പിലാക്കിയതിൽ ത്വാഹ സന്തോഷവും സംതൃപ്തിയും പ്രകടിപ്പിച്ചതായി പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.