സൗദി എയർലൈൻസ്; 20 എയർബസ് വൈഡ് ബോഡി വിമാനങ്ങൾ വാങ്ങും
text_fields20 എയർബസ് വൈഡ് ബോഡി വിമാനങ്ങൾ വാങ്ങുന്നതിന് സൗദി എയർലൈൻസും ഫ്രഞ്ച് എയർബസും കരാർ ഒപ്പിട്ടപ്പോൾ
റിയാദ്: സൗദി എയർലൈൻസ് (സൗദിയ) 20 എയർബസ് വൈഡ് ബോഡി വിമാനങ്ങൾ വാങ്ങും. ഫ്രഞ്ച് കമ്പനിയായ എയർബസുമായി സൗദിയ ഗ്രൂപ് കരാർ ഒപ്പുവെച്ചു. പുതിയ വൈഡ്-ബോഡി എയർ ക്രാഫ്റ്റ് എ330 നിയോ മോഡൽ വിമാനങ്ങളാണ് വാങ്ങുന്നത്. ഗ്രൂപ്പിന്റെ ബജറ്റ് എയർലൈനായ ഫ്ലൈഅദീലിനുവേണ്ടിയാണ് 10 വിമാനങ്ങൾ.
കാര്യക്ഷമത, ദീർഘദൂര പരിധി, വഴക്കം എന്നിവയാണ് ഈ മോഡലിന്റെ സവിശേഷത. ഗ്രൂപ്പിന്റെ പ്രവർത്തന വ്യാപ്തി വികസിപ്പിക്കാനും കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ ചേർക്കാനുമുള്ള തന്ത്രത്തിന് അനുസൃതമായാണ് ഈ കരാർ. ഫ്രാൻസിലെ ടൗലൗസിലെ എയർബസ് ഫാക്ടറിയിൽ സൗദിയ ഗ്രൂപ്പിന്റെ ജനറൽ മാനേജർ എൻജി. ഇബ്രാഹിം അൽഉമറിന്റെയും എയർബസ് കൊമേഴ്സ്യൽ എയർക്രാഫ്റ്റ് സി.ഇ.ഒ ക്രിസ്റ്റ്യൻ ഷെറർ എന്നിവരുടെയും സാന്നിധ്യത്തിൽ സൗദിയ ഗ്രൂപ് ഫ്ലീറ്റ് മാനേജ്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ സ്വാലിഹ് ഈദ്, എയർബസ് കൊമേഴ്സ്യൽ എയർക്രാഫ്റ്റ് സെയിൽസ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ബെനോയിറ്റ് ഡി. സെന്റ് എക്സ്പെരി എന്നിവരാണ് കരാർ ഒപ്പുവെച്ചത്. വിമാനം എത്തിച്ചേരുന്ന തീയതികളും നിർണയിച്ചു. ആദ്യ ബാച്ച് 2027ലും അവസാനത്തേത് 2029ലും എത്തും.
വിമാനങ്ങളുടെ നവീകരണവും വികസനവും ലക്ഷ്യമിട്ടുള്ള അതിമോഹ പദ്ധതിയുടെ തുടർച്ചയാണ് ഇതെന്ന് എൻജി. ഇബ്രാഹീം അൽഉമർ പറഞ്ഞു. കരാറിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ വർഷം എയർബസുമായി മൊത്തം 105 വിമാനങ്ങൾക്കായുള്ള കരാർ ഗ്രൂപ്പ് ഒപ്പുവെച്ചിട്ടുണ്ട്. ലോകത്തെ 250 ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാനും 3.3 കോടി യാത്രക്കാരെയും 1.5 കോടി വിനോദസഞ്ചാരികളെയും എത്തിക്കാനും ലക്ഷ്യമിടുന്നുവെന്ന് അൽഉമർ പറഞ്ഞു.
നിലവിൽ 194 വിമാനങ്ങളാണ് സൗദിയ ഗ്രൂപ്പിന്റെ കൈവശമുള്ളത്. അവയെല്ലാം വാണിജ്യ, സാമ്പത്തിക വ്യോമയാന, ഷിപ്പിങ്, ലോജിസ്റ്റിക് മേഖലകളിൽ സേവനം നൽകിവരുന്നു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 191 പുതിയ വിമാനങ്ങൾ കൂടി വാങ്ങാൻ പദ്ധതിയിട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.