സൗദിയുടെ നാലാമത് തൊഴിൽ അറ്റാഷെ ഇന്ത്യയിൽ ചുമതലയേറ്റു
text_fieldsജിദ്ദ: സൗദിയുടെ നാലാമത് തൊഴിൽ അറ്റാഷെ ഇന്ത്യയിൽ ചുമതലയേറ്റതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ന്യൂഡൽഹിയിലെ റോയൽ സൗദി എംബസിയിൽ സൗദ് ബിൻ യഹ്‌യ അൽ മൻസൂർ ആണ് തൊഴിൽ അറ്റാഷെ ആയി നിയമിതനായത്.
ഇന്ത്യയിലെത്തിയ അദ്ദേഹത്തെ സൗദി അംബാസഡർ സാലിഹ് ബിൻ ഈദ് അൽഹുസൈനി സ്വീകരിച്ചു. തൊഴിൽ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനം വർധിപ്പിക്കാനും സൗദിയിൽ ജോലിക്ക് അപേക്ഷിക്കുന്ന തൊഴിലാളികളെ രാജ്യത്തിന്‍റെ ചട്ടങ്ങളെക്കുറിച്ചും തൊഴിൽ അന്തരീക്ഷത്തെക്കുറിച്ചും ബോധവത്കരിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം.
തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും വ്യക്തമാക്കുക, നാമനിർദേശം ചെയ്യപ്പെട്ട തൊഴിലാളികളുടെ കഴിവുകൾ പരിശോധിക്കുന്നതിനൊപ്പം തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുക എന്നിവയാണ് അറ്റാഷെയുടെ ചുമതലകൾ. സൗദി പൗരന്മാർക്ക് തൊഴിൽ റിക്രൂട്ട്‌മെന്റ് സുഗമമാക്കുന്നതിനുള്ള സർക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയിലും പാകിസ്താനിലും ഈ വർഷാവസാനത്തോടെ അറ്റാഷെ സ്ഥാപിക്കാൻ മന്ത്രിമാരുടെ കൗൺസിൽ നേരത്തെ തീരുമാനമെടുത്തിരുന്നു.
ഫിലിപ്പീൻസിലും ഈജിപ്‍തിലും നേരത്തെ തന്നെ സൗദി തൊഴിൽ അറ്റാഷെ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.