സൗദിയുടെ അഞ്ചാമത്തെ ദുരിതാശ്വാസ വിമാനം ലിബിയയിൽ എത്തി
text_fieldsയാംബു: വെള്ളപ്പൊക്കത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന ലിബിയയിലെ ജനങ്ങൾക്ക് സാന്ത്വനമായി സൗദി അറേബ്യയുടെ സഹായം തുടരുന്നു. 90 ടൺ ഭക്ഷ്യവസ്തുക്കളും മറ്റവശ്യ സാധനങ്ങളുമായി അഞ്ചാമത്തെ ദുരിതാശ്വാസ വിമാനം ബുധനാഴ്ച ബെൻഗാസിയിലെ ബെനിന അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. പ്രത്യേക വിമാനത്തിൽ എത്തിക്കുന്ന സാധനങ്ങൾ കെ.എസ്. റിലീഫ് ഹ്യുമാനിറ്റേറിയൻ എയ്ഡിെൻറ മേൽനോട്ടത്തിലാണ് ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നത്.
ദുരന്തമുണ്ടായ ഉടനെ ലിബിയക്ക് സഹായമെത്തിക്കാൻ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അടിയന്തര നിർദേശം നൽകിയിരുന്നു. ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ 7.1 കോടി ഡോളറിെൻറ സഹായം വേണമെന്നാണ് യു.എൻ മാനുഷികകാര്യ ഓഫിസ് അറിയിച്ചത്. അവശ്യ മരുന്നുകൾ, ശസ്ത്രക്രിയ സാമഗ്രികൾ അടക്കം കിഴക്കൻ ലിബിയയിലേക്ക് സഹായം എത്തിക്കാൻ ലോകാരോഗ്യ സംഘടന നടപടി സ്വീകരിച്ചതും വലിയ ആശ്വാസമായി വിലയിരുത്തുന്നു. ഡാനിയൻ ചുഴലിക്കാറ്റും പേമാരിയും ലിബിയൻ തീരം തൊട്ട സെപ്റ്റംബർ ഒമ്പതിന് രാത്രിയാണ് 1,20,000 ജനസംഖ്യയുള്ള ഡെർന നഗരപ്രാന്തത്തിലെ രണ്ട് ഡാമുകൾ ഒന്നിച്ച് തകർന്നത്. ഇത് വൻ പ്രളയത്തിന് വഴിവെച്ചതാണ് ലിബിയൻ ജനതയെ ദുരിതത്തിൽ മുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.