ചെങ്കടൽ വിനോദസഞ്ചാരകേന്ദ്രം സന്ദർശകർക്കായി തുറന്നു
text_fieldsജിദ്ദ: ആഭ്യന്തര വിനോദസഞ്ചാര വികസനത്തിനായി നടപ്പാക്കുന്ന റെഡ് സീ പദ്ധതിക്കു കീഴിൽ ചെങ്കടൽ തീരത്ത് നിർമിച്ച പ്രധാന വിനോദസഞ്ചാരകേന്ദ്രം സന്ദർശകർക്ക് തുറന്നുകൊടുത്തു. സൗദി ടൂറിസം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഇത്. കഴിഞ്ഞയാഴ്ച പ്രവർത്തനമാരംഭിച്ച റെഡ് സീ ഇൻറർനാഷനൽ എയർപോർട്ട് വഴി ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ഇവിടെ എത്തിച്ചേരാനാവും. നിലവിൽ റിയാദിൽ നിന്നാണ് ഇവിടേക്ക് വിമാന സർവിസുള്ളത്. ഉടൻ ജിദ്ദ, ദുബൈ എന്നിവിടങ്ങളിൽനിന്നുകൂടി സർവിസ് ആരംഭിക്കും.
അതുല്യമായ പ്രകൃതിസവിശേഷതകൾ ഉൾക്കൊള്ളുന്ന ഏറ്റവും മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായാണ് ‘ചെങ്കടൽ ഡെസ്റ്റിനേഷൻ’ എന്ന പേരിലുള്ള ഈ വിനോദസഞ്ചാരകേന്ദ്രത്തെ കണക്കാക്കുന്നത്. ലോകോത്തര ഹോട്ടൽ, ഹോസ്പിറ്റാലിറ്റി ബ്രാൻഡുകളുടെ ഒരു കൂട്ടം ആഡംബര റിസോർട്ടുകൾ ഇവിടെ നിർമിക്കപ്പെട്ടിട്ടുണ്ട്. ഈ റിസോർട്ടുകളിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്കായി ബുധനാഴ്ച മുതൽ റിസർവേഷനുകൾ ആരംഭിച്ചിട്ടുണ്ട്.
‘ലോകത്തിനപ്പുറമുള്ള ഒരു ലോകം’ എന്ന മുദ്രാവാക്യത്തിന് കീഴിൽ ഇന്ന് ‘ചെങ്കടൽ ലക്ഷ്യസ്ഥാനം’ തുറന്നതായി റെഡ് സീ ഇൻറർനാഷനൽ സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു. ഇതിലുടെ പദ്ധതിയുടെ ഭംഗി കാണിക്കുക മാത്രമല്ല, ഈ സുസ്ഥിര ടൂറിസം ഡെസ്റ്റിനേഷന്റെ ഭാഗമാകാൻ ഞങ്ങൾ നടത്തിയ മഹത്തായ ശ്രമങ്ങൾ ഏകീകരിക്കുകയും ചെയ്യുകയാണ്. ലോകത്തെ സ്വാഗതം ചെയ്യുന്നതിനായി സൗദിയിലെ ആദ്യത്തെ വലിയ പദ്ധതിയെന്ന നിലയിൽ റെഡ് സീ ഇൻറർനാഷനൽ സ്വീകരിച്ച മഹത്തായ ചുവടുവെപ്പാണിതെന്നും പഗാനോ പറഞ്ഞു.
ആഗോള ടൂറിസത്തെ സൗദിയിലേക്കു നയിക്കുന്ന അസാധാരണമായ ഈ ലക്ഷ്യസ്ഥാനം പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് റെഡ് സീ ഇൻറർനാഷനൽ ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എൻജി. അഹ്മദ് ദർവീഷ് പറഞ്ഞു. ജിദ്ദയിൽനിന്ന് 500 കിലോമീറ്റർ വടക്ക് അൽവജ്ഹ്, ഉംലുജ് പട്ടണങ്ങൾക്കിടയിലാണ് ഈ ലക്ഷ്യസ്ഥാനം സ്ഥിതിചെയ്യുന്നത്. യൂറോപ്പിനും ഏഷ്യക്കും ആഫ്രിക്കക്കും ഇടയിലുള്ള തന്ത്രപ്രധാനമായ സ്ഥാനമാണിത്. ടൂറിസം കേന്ദ്രത്തിന് തൊട്ടടുത്താണ് റെഡ് സീ ഇൻറർനാഷനൽ എയർപോർട്ട്. 2030ഓടെ 10 കോടി സന്ദർശകരെ രാജ്യത്തെത്തിക്കുകയെന്ന ‘വിഷൻ 2030’ ലക്ഷ്യം കൈവരിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്ന് സന്ദർശകർക്കായി തുറന്നുകൊടുത്ത ചരിത്രനിമിഷത്തിനാണ് ഇന്ന് ഞങ്ങൾ സാക്ഷ്യംവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.