സൗദിയിലേക്ക് വരാൻ ഇനി വ്യക്തിഗത സന്ദർശന വിസയും
text_fieldsജിദ്ദ: സൗദി അറേബ്യയിലേക്ക് വിദേശികൾക്ക് വരാൻ വ്യക്തിഗത സന്ദർശന വിസ. നിലവിൽ ടൂറിസം, ബിസിനസ് വിസകൾ മാത്രമാണ് സന്ദർശനത്തിനുണ്ടായിരുന്നത്. എന്നാൽ സന്ദർശനം എന്ന ആവശ്യം പറഞ്ഞ് തന്നെ വിസ നേടി വരാനുള്ള പുതിയ സംവിധാനമാണ് വിദേശകാര്യമന്ത്രാലയം പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇങ്ങനെ എത്തുന്നവർക്ക് രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും സഞ്ചരിക്കാനാവും. ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും അനുവാദമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദി പൗരന്മാർക്ക് യഥേഷ്ടം വിദേശികളെ രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവദിക്കുന്നതാണ് വ്യക്തിഗത സന്ദർശന വിസ. https://visa.mofa.gov.sa എന്ന വിസ പ്ലാറ്റ്‌ഫോം വെബ്‌സൈറ്റിൽ പ്രവേശിച്ച് വിസയ്ക്ക് അപേക്ഷിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തിലെ വിസ പ്ലാറ്റ്‌ഫോമിൽ വ്യക്തിഗത സന്ദർശനത്തിനുള്ള അപേക്ഷ സമർപ്പിച്ച് പൗരന്മാർക്ക് ആളുകളെ സൗദി അറേബ്യ സന്ദർശിക്കാനും ഉംറ നിർവഹിക്കാനും ക്ഷണിക്കാം. 'വിഷൻ 2030' ലക്ഷ്യങ്ങൾക്ക് അനുസൃതമായി വിദേശ സന്ദർശനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ഈ നടപടി വരുന്നത്. വിസ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് 'എൻക്വയറി' ഐക്കൺ തെരഞ്ഞെടുത്താൽ സമർപ്പിച്ച അപേക്ഷകളെക്കുറിച്ച് അന്വേഷിക്കാൻ കഴിയുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.