സ്വദേശികൾക്കായി തൊഴിലുകൾ സൃഷ്ടിക്കാൻ പദ്ധതി
text_fieldsറിയാദ്: ആഭ്യന്തര തൊഴിൽ വിപണിയിലേക്ക് സ്വദേശി പൗരർക്ക് പ്രവേശിക്കാൻ പ്രത്യേക തൊഴിലുകളും നയങ്ങളും സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതായി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ സ്വദേശിവത്കരണത്തിനായുള്ള അണ്ടർ സെക്രട്ടറി മജീദ് അൽദഹ്വി പറഞ്ഞു. രാജ്യത്തെ തൊഴിൽ വിപണി നല്ല ഫലങ്ങളും തൊഴിലില്ലായ്മ നിരക്കിൽ തുടർച്ചയായ കുറവുമാണ് കാണിക്കുന്നത്.
തൊഴിലില്ലായ്മ നിരക്ക് മൊത്തം ജനസംഖ്യയുടെ 3.3 ശതമാനമായി കുറഞ്ഞു. ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷന്റെ (ഐ.എൽ.ഒ) കണക്കുകൾ പ്രകാരം ഇത് ജി20 രാജ്യങ്ങൾക്കിടയിൽ അഞ്ചാം റാങ്കിലേക്ക് ഉയർത്താൻ സഹായിച്ചതായും അൽദഹ്വി പറഞ്ഞു.
സൗദികൾക്കിടയിലെ തൊഴിലില്ലായ്മ കണക്കുകൾ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 7.1ൽ എത്തിയതായും അൽ അറബിയ ബിസിനസ് ചാനലിന് നൽകിയ അഭിമുഖത്തിൽ അൽദഹ്വി പറഞ്ഞു. ഇത് ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളോട് വളരെ അടുത്താണ്.
സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ ഈ വർഷത്തെ മുൻ പാദത്തിൽ 14.2 ശതമാനം ആയിരുന്നത് ഈ പാദത്തിൽ 12.8 ശതമാനമായി കുറഞ്ഞു. മാനവ വിഭവശേഷി മന്ത്രാലയം സ്വദേശികൾക്ക് ആകർഷകവും സമൃദ്ധവുമായ തൊഴിൽ വിപണി സൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, വിപണികാര്യക്ഷമത വർധിപ്പിക്കുക, തൊഴിലില്ലായ്മ കുറയ്ക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
തൊഴിൽ വിപണിയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 1.14 കോടിയായി ഉയർന്നിട്ടുണ്ട്. ഇത് ചരിത്രപരമായ എണ്ണമാണെന്നും പൗരരുടെ പങ്കാളിത്തം വർധിപ്പിക്കാൻ ഞങ്ങൾ പ്രവർത്തിക്കുകയാണെന്നും അൽദഹ്വി പറഞ്ഞു.
തൊഴിൽ വിപണിയിൽ രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി പ്രത്യേക തൊഴിലുകളും തീരുമാനങ്ങളും സൃഷ്ടിക്കാനും വരുംകാലയളവിൽ ഞങ്ങൾ ലക്ഷ്യമിടുന്നു. ആകർഷകമായ തൊഴിൽ വിപണി സൃഷ്ടിക്കുന്നതിനായി എല്ലാ ലക്ഷ്യങ്ങളും പദ്ധതികളും അവലോകനം ചെയ്യുന്നുണ്ട്. ഇതിലൂടെ ആഗോളതലത്തിൽ തൊഴിൽ മേഖലയിൽ രാജ്യത്തെ പ്രധാന സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചുവെന്നും അൽദഹ്വി പറഞ്ഞു.
അതേസമയം, സൗദികൾക്കിടയിലെ തൊഴിലില്ലായ്മ ഈ വർഷത്തെ രണ്ടാം പാദത്തിൽ ചരിത്രപരമായ ഏറ്റവും കുറഞ്ഞ 7.1 ശതമാനം രേഖപ്പെടുത്തിയതായി സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. ആദ്യ പാദത്തിലെ 7.6 ശതമാനത്തിൽ നിന്നാണ് കുറഞ്ഞത്. ഈ നിരക്കുകൾ സൗദി വിഷൻ 2030 ലക്ഷ്യമിടുന്ന ഏഴ് ശതമാനത്തിന് അടുത്താണ്.
2023ന്റെ രണ്ടാം പാദത്തെ അപേക്ഷിച്ച് 2024ന്റെ രണ്ടാം പാദ നിരക്കിൽ വാർഷികാടിസ്ഥാനത്തിൽ 1.4 ശതമാനം പോയിന്റ് കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സിന്റെ ഡാറ്റ കാണിക്കുന്നു.
സൗദികളുടെയും ഇതര രാജ്യക്കാരുടെയും മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 2024 രണ്ടാം പാദത്തിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 3.3 ശതമാനമായി കുറഞ്ഞു. ആദ്യ പാദത്തിലെ 3.5 ശതമാനത്തിൽ നിന്നാണിത്. രണ്ടാം പാദത്തിലെ സൗദി തൊഴിൽ പങ്കാളിത്ത നിരക്ക് വർഷത്തിന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് 0.6 ശതമാനവും കുറഞ്ഞു.
ഇത് 50.8 ശതമാനമായി. 2023ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 0.1 പോയിന്റിന്റെ നേരിയ വർധന രേഖപ്പെടുത്തിയതായും ലേബർ ഫോഴ്സ് സർവേ എസ്റ്റിമേറ്റുകളെക്കുറിച്ചുള്ള റിപ്പോർട്ടിൽ അതോറിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.