സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കും
text_fieldsറിയാദ്: സൗദിയിലെ പള്ളിക്കൂടങ്ങളുടെ നവീകരണത്തിന് വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നതായി മന്ത്രി ഡോ. ഹമദ് ആലു ശൈഖ് വ്യക്തമാക്കി.
പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള ടി.ബി.സി ബിൽഡിങ് ഡെവലപ്മെന്റ് കമ്പനി വിദ്യാഭ്യാസ മന്ത്രാലയത്തിനായി കെട്ടിടങ്ങൾ വികസിപ്പിക്കാനും മെച്ചപ്പെടുത്താനുമായുള്ള പദ്ധതി നാല് ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ആദ്യത്തെ മൂന്ന് പദ്ധതികൾ നിർമാണം, പരിപാലനം, പുനർനിർമിതി എന്നിവക്കുള്ളതാണ്. നാലാമത്തേത് ഫർണിഷിങ്ങിനുള്ളതും.
ആദ്യത്തേതിൽ സ്കൂൾ കെട്ടിടങ്ങൾ, വിവിധ ആവശ്യങ്ങൾക്കുള്ള ഹാളുകൾ, സുരക്ഷ ഗാർഡുകൾക്കുള്ള താമസസൗകര്യം, കാന്റീനുകൾ, താമസ മുറികൾ, തണൽ മുറ്റങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവ നിർമിക്കുന്നതിലും വികസിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
രണ്ടാമത്തേതിൽ സ്കൂളിന്റെ നടത്തിപ്പ്, ഭരണപരമായ കാര്യങ്ങൾ, അറ്റകുറ്റപ്പണികൾ, ശുചീകരണ സേവനങ്ങൾ എന്നിവയാണ് ഉൾപ്പെടുന്നത്.
കെട്ടിടങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും വിദ്യാർഥികൾക്ക് കാര്യക്ഷമമായ വിദ്യാഭ്യാസാന്തരീക്ഷം പ്രദാനം ചെയ്യാനുമായി ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
മൂന്നാമത്തേത്, സ്കൂളുകളുടെയും ഭരണപരമായ സൗകര്യങ്ങളുടെയും പുനഃസ്ഥാപനം, പുനരധിവാസം, അടിയന്തര അറ്റകുറ്റപ്പണികൾ, മെച്ചപ്പെടുത്തൽ എന്നിവക്കായി കമ്പനി സേവനങ്ങൾ നൽകുന്നു.
കോവിഡ് സമയത്ത് 1,445 സ്കൂളുകൾക്കും 197,000 വിദ്യാർഥികൾക്കും കമ്പനി വെർച്വൽ ലേണിങ് ടൂളുകൾ തയാറാക്കിനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.