സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പിരിച്ചുവിട്ടത് മുന്നറിയിപ്പ് ഇല്ലാതെ-അഡ്വ. ഷംസുദ്ദീൻ
text_fieldsജിദ്ദ: കാരണം കാണിക്കൽ നോട്ടീസോ മുന്നറിയിപ്പോ ഇല്ലാതെയാണ് ഇന്ത്യൻ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പിരിച്ചുവിട്ടതെന്ന് ചെയർമാൻ അഡ്വ. ഷംസുദ്ദീൻ. എംബസിയുടെ നിർദ്ദേശത്തിെൻറ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം കമ്മിറ്റി പിരിച്ചുവിട്ടത്. പിരിച്ചുവിടൽ നോട്ടീസിൽ കാരണമൊന്നും കാണിച്ചിട്ടില്ല. പ്രിൻസിപ്പലിന് വിരമിക്കേണ്ട പ്രായമായതിനാൽ ജൂലൈ 30നു വിരമിക്കണമെന്നും എംബസിക്ക് വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ട് കമ്മിറ്റി പിരിച്ചു വിടണമെന്നുമായിരുന്നു മന്ത്രാലയത്തിെൻറ നോട്ടീസ് എന്ന് മാനേജ്മെൻറ് കമ്മിറ്റി പ്രതിനിധികൾ വിശദീകരണയോഗത്തിൽ സൂചിപ്പിച്ചു.
സ്കൂളിന് വേണ്ടി മുൻ കമ്മിറ്റി പുതിയ കെട്ടിടം എടുത്തതുമായി ബന്ധപ്പെട്ട് ഒരു കേസ് നടക്കുന്നുണ്ട്. കെട്ടിടം എടുത്തതിെൻറ ഉത്തരവാദിത്തം ചാർത്തി പ്രിൻസിപ്പൽ സയ്യിദ് മസൂദ് അഹമ്മദിനെ പുറത്താക്കാൻ ഹയർ ബോർഡ് മാനേജ്മെൻറ് കമ്മിറ്റിയോട് നിർദ്ദേശിച്ചിരുന്നു. കെട്ടിടം എടുത്തത് അന്നത്തെ മാനേജ്മെൻറ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ആയതിനാൽ ഇതിനോട് കമ്മിറ്റി വിയോജിച്ചു. പക്ഷെ ഹയർ ബോർഡിെൻറ തീരുമാനം ആയതിനാൽ അത് അംഗീകരിക്കാൻ ബാധ്യസ്ഥരായിരുന്നു. സ്കൂൾ താൽപര്യം കണക്കിലെടുത്ത്, വേനൽ അവധി കഴിഞ്ഞ് മൂന്ന് മാസം കൊണ്ട് കൃത്യമായ അധികാര കൈമാറ്റം നടത്തിയ ശേഷം നവംബർ 30 ന് അദ്ദേഹത്തെ ഒഴിവാക്കാമെന്ന് കമ്മിറ്റി ഹയർ ബോർഡിനെ അറിയിച്ചു.
1990 മുതലുള്ള ബോയ്‌സ് സെക്ഷൻ കെട്ടിടത്തിെൻറ കേസിൽ വിധി വന്ന് 32 ദശലക്ഷം സൗദി റിയാൽ സ്കൂളിന് നഷ്ടമായിരുന്നു. ആ കേസ് അന്വേഷിക്കണമെന്ന് മാനേജ്മെൻറ് കമ്മിറ്റി ഹയർബോർഡിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് ഹയർ ബോർഡ് കമ്മിറ്റിയെ പുറത്താക്കിയതെന്നും ഷംസുദ്ദീൻ വിശദീകരിച്ചു.
മന്ത്രാലയം ചാർട്ടർ പ്രകാരം കമ്മിറ്റിയെ പിരിച്ചു വിടണമെങ്കിൽ ഒരു എൻക്വയറി കമ്മിറ്റി രൂപീകരിച്ച്, അതിെൻറ റിപ്പോർട്ട് പ്രകാരമായിരിക്കണം തുടർന്നുള്ള നടപടികളെന്ന് മുൻ ചെയർമാൻ ഇക്‌ബാൽ പൊക്കുന്ന് പറഞ്ഞു. അവയൊന്നും പാലിച്ചിട്ടില്ല. സ്കൂൾ അവധിയായ ഒരു ദിവസം രക്ഷിതാക്കളിൽ ഭൂരിഭാഗവും നാട്ടിൽ പോയ സമയത്ത് പിരിച്ചു വിടുകയായിരുന്നു. ഇത് മാനേജ്മെൻറ് കമ്മിറ്റിയുടെ മാത്രമല്ല അവരെ തെരഞ്ഞെടുത്ത രക്ഷിതാക്കളുടെയും അവകാശത്തെ ഹനിക്കുന്ന നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൗദിയിലും ഇന്ത്യയിലുമുള്ള അധികൃതരെ ബന്ധപ്പെടുമെന്നും എം.പി മാരെയും മന്ത്രിമാരെയും കണ്ട് ഈ വിഷയത്തിെൻറ പ്രാധാന്യം ബോധ്യപ്പെടുത്തുമെന്നും ആവശ്യമെങ്കിൽ പാർലമെൻറിൽ വിഷയം അവതരിപ്പിക്കാൻ എം.പിമാരോട് അഭ്യർഥിക്കുമെന്നും യോഗം അഭിപ്രായെപ്പട്ടു.
കമ്മിറ്റി അംഗം മാജിദ് സിദ്ദിഖി, മുൻ ചെയർമാൻ സലാഹ് കാരാടൻ, മുൻ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ അബ്്ദുൽ ഖാലിഖ്, ഡോ: അഷ്‌ഫാഖ് മണിയാർ, അലുംനി പ്രതിനിധി അസീം സീഷാൻ, രക്ഷിതാക്കളുടെ പ്രതിനിധികളായ മുഹമ്മദ് ബൈജു, അബ്്ദുൽ അസീസ് തങ്കയത്തിൽ, ഡോ: മുഹമ്മദ് ഫൈസൽ, സജീർ, ആത്തിഫ് ഖാൻ, അബ്്ദുൽ ഫത്താഹ്, സാബിർ, അബ്ദുൽ റഷീദ്, വിവിധ സംഘടനാ ഭാരവാഹികളായ കെ.ടി.എ മുനീർ, വി.കെ റഉൗഫ്, അഹമ്മദ് പാളയാട്ട്, പി.പി റഹീം, യൂസുഫലി മുഹമ്മദ്, റിഷാദ് അലവി, റോഷൻ മുസ്തഫ, അൽതാഫ് ഹുസൈൻ, അബൂബക്കർ അരിമ്പ്ര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.