റമദാനിലും സ്‌കൂൾ പ്രവൃത്തി ദിനം; നവ്യാനുഭവത്തോടെ കുട്ടികൾ
text_fieldsയാംബു: റമദാൻ മാസം പ്രവൃത്തിദിനമായതോടെ സ്കൂളിലെത്തിയ വിദ്യാർഥികൾക്ക് നവ്യാനുഭവം. 14 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഈ വർഷം സ്കൂളുകൾക്ക് റമദാനിലും പ്രവർത്തിക്കാൻ അനുമതി നൽകുന്നത്.
രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ,വിദേശ സ്‌കൂളുകളിലും ശനിയാഴ്ച റമദാനിലെ ആദ്യ പ്രവൃത്തിദിനമായി. മന്ത്രാലയത്തിലെ വിദ്യാഭ്യാസ ഡയറക്ടർമാർ, പ്രിൻസിപ്പൽമാർ, അധ്യാപകർ, കോഓഡിനേറ്റർമാർ എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെ വിദ്യാർഥികളെ സ്വീകരിച്ചു.
വ്രതമനുഷ്‌ഠിച്ചെത്തിയ പല വിദ്യാർഥികളും പതിവുപോലെ സജീവമായി. ഒറ്റപ്പെട്ട ചിലർക്ക് ഉറക്കച്ചടവും ക്ഷീണവും പ്രകടമായതായി അധ്യാപകർ പറഞ്ഞു. രാവിലെ ഒമ്പതിനും 10 നുമിടയിലാണ് സ്‌കൂളുകൾ തുടങ്ങിയത്.
ഓരോ പിരീയഡും 35 മിനിറ്റ് വീതമാക്കാൻ നിർദേശമുണ്ടായിരുന്നു. പുതിയ അധ്യയന വർഷത്തെ മൂന്നാം സെമസ്റ്ററിലേക്കു പ്രവേശിച്ച വേളയിലാണ് റമദാനിൽ ക്ലാസ് നടത്താൻ തീരുമാനിച്ചത്.
റമദാൻ 24 ആയിരിക്കും പെരുന്നാൾ അവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിനമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
റമദാനിൽ സ്‌കൂൾ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയോട് പറയുന്ന വിദ്യാർഥിയുടെ വിഡിയോയും അതിന് മന്ത്രി നൽകുന്ന മറുപടിയും ട്വിറ്ററിലുംമറ്റു സമൂഹ മാധ്യമങ്ങളിലും ചർച്ചയായിരുന്നു.
റമദാൻ സ്‌കൂൾ ദിനം മറ്റേതൊരു പ്രവൃത്തി ദിനം പോലെയാണെന്നും കുറെക്കൂടി സുഗമമായ പഠനാന്തരീക്ഷം റമദാനിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദ്യാഭ്യാസ മന്ത്രി ട്വീറ്റ് ചെയ്തു.
റമദാനിൽ ആദ്യമായി സ്‌കൂളിലെത്തിയ വിദ്യാർഥികളുടെ പെരുമാറ്റം ശാന്തവും സമാധാനപരവുമായിരുന്നെന്നും കുട്ടികൾക്ക് റമദാനിലെ പ്രവൃത്തി ദിനം സന്തോഷ കരമാണെന്നും അധ്യാപകരും വിലയിരുത്തുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.