സ്കൂളുകൾ ഒരുങ്ങുന്നു; പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ
text_fieldsയാംബു: സൗദി അറേബ്യയിൽ പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ സ്കൂളുകളിൽ ഒരുക്കം തുടങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആറാം ക്ലാസ് മുതലുള്ളവ തുറന്നുപ്രവർത്തിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ച പശ്ചാത്തലത്തിലാണ് തകൃതിയായ ഒരുക്കം. 12 വയസ്സിനു മുകളിലുള്ള മുഴുവൻ വിദ്യാർഥികളോടും കോവിഡ് വാക്സിനെടുക്കാൻ സ്കൂൾ അധികൃതർ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
ഇേതതുടർന്ന് 61 ശതമാനം കുട്ടികളും വാക്സിൻ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. സ്കൂളുകൾ ഓഫ്ലൈൻ ക്ലാസ് ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാൻ സ്ഥാപന അധികൃതർക്ക് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകളിലെല്ലാം തകൃതിയായ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ആവശ്യമായ പഠനസാമഗ്രികൾ ഒരുക്കാനും സ്കൂൾ പരിസരം മുഴുവൻ വൃത്തിയാക്കി അണുമുക്തമാക്കാനും തീവ്രയത്നമാണ് നടക്കുന്നത്. വേനലവധിക്കാലം പൂർത്തിയാക്കി സൗദി സ്കൂളുകൾ ഇൗ മാസം 29നായിരിക്കും തുറക്കുക. അതിനുമുമ്പ് വിദ്യാർഥികൾ വാക്സിൻ രണ്ടു ഡോസും എടുത്തിരിക്കണമെന്നും വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് അറിയിച്ചു. കോവിഡിനെ തുടർന്ന് ഒന്നരവർഷത്തെ ഇടവേളക്കുശേഷമാണ് ഓൺലൈൻ വിദ്യാഭ്യാസ സംവിധാനത്തിൽനിന്ന് സാധാരണ സ്കൂൾ ചുറ്റുപാടിലേക്ക് അധ്യയനരീതി പതിയെ മടങ്ങാനൊരുങ്ങുന്നത്.
കുട്ടികളെ സ്കൂളുകളിലേക്ക് വരുത്തി നേരിട്ടുള്ള ക്ലാസുകളാണ് പുനരാരംഭിക്കുന്നത്. സ്കൂളുകൾ വിദ്യാർഥികളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായത് പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേകം ഫീൽഡ് സന്ദർശനം നടത്തി റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരെ നിശ്ചയിച്ചുകഴിഞ്ഞു. വിദ്യാർഥികൾക്കാവശ്യമായ പാഠപുസ്തകങ്ങളുടെ ലഭ്യത, സ്കൂളിലെ വിദ്യാർഥികൾക്കാവശ്യമായ ഇരിപ്പിടങ്ങളുടെയും മറ്റു സംവിധാനങ്ങളുടെയും കാര്യക്ഷമത, ശുചിത്വകാര്യങ്ങളിലെ ജാഗ്രത, അണുമുക്തമാക്കാനുള്ള സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം നിരീക്ഷണ ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തും. പുതുവർഷത്തിെൻറ തുടക്കത്തിൽതന്നെ ആരോഗ്യപരിപാലനത്തിലും മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പുകാർ ജാഗ്രത പുലർത്തണമെന്നും വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങൾ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.