സൗദിയിൽ വേനലവധിക്കുശേഷം സ്കൂളുകൾ ഇന്ന് തുറക്കും
text_fieldsറിയാദ്: സൗദി അറേബ്യയിൽ വേനലവധിക്കുശേഷം പുതിയ അധ്യയന വർഷം ഞായറാഴ്ച ആരംഭിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ 60 ലക്ഷത്തിലധികം വിദ്യാർഥികൾ സ്കൂളുകളിലേക്ക് തിരിച്ചെത്തും. പുതിയ അധ്യയന വർഷത്തെ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയവും അതത് മേഖലാ വിദ്യാഭ്യാസ കാര്യാലയങ്ങളും എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ട്.
ചില അന്തിമ ഭേദഗതികൾ വരുത്തി പുതിയ അക്കാദമിക് കലണ്ടറുകൾ വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കി. രാജ്യത്തുടനീളമുള്ള സ്കൂളുകളുടെ അറ്റകുറ്റപ്പണികളും സാധനസാമഗ്രികൾ ഒരുക്കലും ശുചീകരണവും പുസ്തകങ്ങൾ എത്തിക്കലും ഉൾപ്പെടെയുള്ള മുഴുവൻ തയാറെടുപ്പുകളും നേരത്തേതന്നെ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ പൊതുമേഖലയിലും സ്വകാര്യ, അന്തർ ദേശീയ, വിദേശ വിഭാഗങ്ങളിലുമായി 30,000ലധികം സ്കൂളുകളാണുള്ളത്. ഇത്രയും സ്കൂളുകളിലായി വിവിധ മേഖലകളിൽ അഞ്ച് ലക്ഷത്തിലധികം പുരുഷ-വനിത അധ്യാപകരുമുണ്ട്.
വിദ്യാഭ്യാസ വകുപ്പുകളിലും ഓഫിസുകളിലും എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാനും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പു തന്നെ സ്കൂളുകളുടെയും ക്ലാസ് മുറികളുടെയും സജ്ജീകരണം ഉറപ്പാക്കുന്നതിനും പാഠപുസ്തകങ്ങൾ സ്കൂളുകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഒരാഴ്ച മുമ്പുതന്നെ അധ്യാപകരും മറ്റ് ജീവനക്കാരും സ്കൂളുകളിലെത്തി തുടങ്ങിയിരുന്നു.
പരീക്ഷണമെന്നോണം ഈ വർഷം തിരഞ്ഞെടുത്ത ചില മിഡിൽ സ്കൂളുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 2029ഓടെ സെക്കൻഡറി സ്കൂൾ തലങ്ങളിലേക്ക് അത് വ്യാപിപ്പിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്.
സ്കൂൾ തുറക്കാനായതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ വിവിധ മേഖലകളിലെ പഠനോപകരണങ്ങളും യൂനിഫോം വസ്ത്രങ്ങളും സ്കൂളാവശ്യത്തിനുള്ള മറ്റ് സാമഗ്രികളും വിൽപന നടത്തുന്ന കടകളിലും ബുക്ക് സ്റ്റാളുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വ്യത്യസ്ത പ്രായങ്ങളിലുള്ള വിദ്യാർഥികൾക്കാവശ്യമായ സ്കൂൾ യൂനിഫോമുകൾ, ബാഗുകൾ, ഷൂസ്, സ്കൂൾ ടൂളുകൾ എന്നിവയുൾപ്പെടെയുള്ള വസ്തുകൾ പലതരം നിരക്കുകളിലും ഓഫറുകളിലും രൂപങ്ങളിലും കടയുടമകൾ ഒരുക്കിയിട്ടുണ്ട്.
അതേസമയം, ഇസ്ലാമിൽ വിജ്ഞാനത്തിന് ഉന്നതമായ സ്ഥാനമാണുള്ളതെന്നും പ്രവാചകന് ലഭിച്ച ആദ്യ ദിവ്യവചനത്തിലെ വാക്ക് തന്നെ ‘വായിക്കു’യെന്നായത് അതിന്റെ മഹത്വം സൂചിപ്പിക്കാൻ മതിയാകുമെന്നും പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് മുതിർന്ന പണ്ഡിത കൗൺസിൽ അധ്യക്ഷനും ഗ്രാൻറ് മുഫ്തിയുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് പറഞ്ഞു. വിദ്യാർഥികൾക്ക് ഇഹപര വിജയത്തിനാവശ്യമായവ പഠിപ്പിക്കുന്നതിന് അധ്യാപകർക്ക് വലിയ ഉത്തരവാദിത്തം ഉണ്ടെന്ന വസ്തുത ഗ്രാൻറ് മുഫ്തി സൂചിപ്പിച്ചു.
അധ്യാപകർ ആത്മാർഥതയുള്ളവരായിരിക്കണം. അവർ ഉപദേശം നൽകണം, എല്ലാ വിദ്യാഭ്യാസ തലങ്ങളിലും കുട്ടികളുമായി തുറന്ന സംവാദം നടത്തണം, യുവാക്കളെ ശ്രദ്ധിക്കുകയും അവർക്ക് പ്രയോജനമുള്ള കാര്യങ്ങളിലേക്ക് നയിക്കുകയും അവരുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും വേണമെന്നും ഗ്രാൻറ് മുഫ്തി പറഞ്ഞു.
വിദ്യാർഥികൾ അവരുടെ സമയത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അതിൽ നിക്ഷേപം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.