സ്കൂളുകൾ തുറക്കുന്നു: സൗദിയിലേക്ക് യാത്രപ്രതിസന്ധി തീരുന്നതും കാത്ത് പ്രവാസി വിദ്യാർഥികൾ
text_fieldsയാംബു: സൗദി അറേബ്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്തമാസം തുറക്കാനുള്ള തീരുമാനവുമായി വിദ്യാഭ്യാസ, ആരോഗ്യമന്ത്രാലയം മുന്നോട്ടുപോകുമ്പോൾ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സർവിസ് പുനരാരംഭിക്കുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് പ്രവാസി വിദ്യാർഥികൾ.
സൗദിയിലെ സ്കൂളുകളിൽ ആറാം ക്ലാസ് മുതലായിരിക്കും ആദ്യഘട്ടത്തിൽ തുറക്കുക. 12 വയസ്സിന് മുകളിലുള്ള മുഴുവൻ വിദ്യാർഥികളോടും കോവിഡ് വാക്സിൻ എടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. സ്കൂൾ തുറക്കാനും കുട്ടികളെ നേരിട്ടു വിളിച്ചുവരുത്തി ക്ലാസുകൾ പുനരാരംഭിക്കാനുമാണ് തീരുമാനം. അടുത്ത അധ്യയനവർഷം മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനും പൂർവനിലയിലേക്ക് തിരിച്ചുകൊണ്ടുവരാനും ഓഫ് ലൈൻ ക്ലാസ് ആരംഭിക്കാനുമുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. സൗദിയിലേക്ക് തിരിച്ചുവരാനാകാതെ സ്വന്തം രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളുടെ മക്കൾ ഇതോടെ പ്രതിസന്ധിയിലായി.
ആയിരക്കണക്കിനു വിദ്യാർഥികളും നൂറുകണക്കിന് അധ്യാപകരും ഇതര ജീവനക്കാരും മധ്യവേനലവധിയിൽ നാട്ടിലാണ്. സ്കൂളുകൾ തുറക്കുമ്പോഴേക്കും ഇവർക്ക് മടങ്ങിയെത്തേണ്ടത് അനിവാര്യമാണ്. ഇതര രാജ്യങ്ങൾ വഴി എത്താൻ ഒരാൾക്ക് ചുരുങ്ങിയത് ഒന്നര ലക്ഷം രൂപയിലധികം ചെലവ് വരും. നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമ ആഗസ്റ്റ് 31 വരെ പുതുക്കി നൽകുമെന്ന് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയാത്തതാണ് സൗദി നേരിട്ട് വിമാന സർവിസ് അനുവദിക്കാത്തതിനു കാരണം. എന്നാൽ യു.എ.ഇ ഇൗമാസം അഞ്ച് മുതൽ വാക്സിനെടുത്ത, റസിഡൻറ് വിസയുള്ള ഇന്ത്യക്കാർക്ക് നേരിട്ടു മടങ്ങിയെത്താമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചതും നേരത്തേ ഖത്തർ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാന സർവിസ് അനുവദിച്ചതും സൗദി പ്രവാസികൾക്ക് പ്രതീക്ഷയും ആശ്വാസവും നൽകുന്നതാണ്.
ആ വഴികളിൽ കൂടിയെങ്കിലും സൗദിയിലെത്താമല്ലോ എന്ന പ്രതീക്ഷ. അധികം വൈകാതെ സൗദിയും ഇന്ത്യയിൽനിന്നും ഇതുപോലെ വിമാന സർവിസ് അനുവദിക്കുമെന്ന പ്രതീക്ഷയും പ്രവാസികൾ കൈവിടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.