പെരുന്നാൾ അവധിക്കുശേഷം സ്കൂളുകൾ ഇന്ന് തുറക്കും
text_fieldsജിദ്ദ: പെരുന്നാൾ അവധികഴിഞ്ഞ് സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞായറാഴ്ച തുറക്കും.
മൂന്നാം സെമസ്റ്ററിനെ സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവും അതത് പ്രവിശ്യ വിദ്യാഭ്യാസവകുപ്പും എല്ലാവിധ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ട്.
ഈവർഷം റമദാനിൽ സൗദി സ്കൂളുകൾ തുറന്നുപ്രവർത്തിച്ചിരുന്നു. ഈദുൽ ഫിത്ർ അവധി നേരത്തേ നൽകാൻ രാജകൽപന ഉണ്ടായതിനാൽ പ്രഖ്യാപിച്ചതിലും അധികം അവധിദിനങ്ങൾ കിട്ടിയ സന്തോഷത്തിലായിരുന്നു വിദ്യാർഥികൾ.
മൂന്നാം സെമസ്റ്ററിൽ രണ്ടുതവണ ഹ്രസ്വ അവധിയും സ്കൂളുകൾക്ക് ലഭിക്കും. മേയ് 25 നും രണ്ടാമത്തേത് ജൂൺ 15 നും ആണ് അവധി ആരംഭിക്കുക.
അധ്യയന വർഷാവസാനമുള്ള അവധി ജൂലൈ ആദ്യം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പൊതുവിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലുമുള്ള സ്ഥാപനങ്ങളും പുതിയ അക്കാദമിക് കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ള പഠനപ്രക്രിയയിലൂടെ കാര്യക്ഷമമായി മുന്നോട്ടുപോകുന്നതായി വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തി. പരിഷ്കരിച്ച പുതിയ കലണ്ടർ അനുസരിച്ച്, 39 ആഴ്ച നീണ്ട അധ്യയന വർഷമാണ് ഇപ്പോൾ രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ളത്.
ഓരോ സെമസ്റ്ററിനും 13 ആഴ്ച വീതമുള്ള മൂന്നു സെമസ്റ്ററുകളായി തിരിച്ചിരിക്കുന്നു.
മികച്ച അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി വിദ്യാഭ്യാസ കാര്യക്ഷമതയുടെ ഉയർത്താനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
മൂന്ന് സെമസ്റ്ററുകളിലെ മൂല്യനിർണയം അവലോകനം ചെയ്തശേഷം കുട്ടികളുടെ വിദ്യാഭ്യാസനിലവാരം നിർണയിക്കാനും ദേശീയ, സാമൂഹിക,
സാംസ്കാരിക പ്രവർത്തനങ്ങളിലും പരിപാടികളിലും അവരുടെ പങ്കാളിത്തത്തിന് മതിയായ സമയം അനുവദിക്കുന്നതിനും പഠനനിലവാരം ഉയർത്തുന്നതിനും പുതിയ സംവിധാനം വഴിവെക്കുമെന്ന് മന്ത്രാലയം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.