ശാസ്ത്ര വിദ്യാഭ്യാസം ക്ലാസ്മുറികളിൽ പരിമിതപ്പെടുത്തില്ലെന്ന് സൗദി സയൻസ് സൊസൈറ്റി
text_fieldsജുബൈൽ: സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ലളിതമായ ആശയങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവ പൊതുജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിനുള്ള നടപടികളുമായി സൗദി സയൻസ് ഫോർ ഒാൾ സൊസൈറ്റി. ശാസ്ത്ര വിദ്യാഭ്യാസം ക്ലാസ്മുറികളിൽ മാത്രമായി പരിമിതപ്പെടുത്താതെ ശാസ്ത്രീയ ചിന്തയും ആശയവിനിമയവും വികസിപ്പിക്കുന്നതിന് മുൻതൂക്കം നൽകിയുള്ള പദ്ധതിയുമായാണ് സയൻസ് സൊസൈറ്റി മുന്നോട്ടുപോകുന്നത്. ക്രിയേറ്റിവ് മീഡിയ ഉപകരണങ്ങൾ, സംവേദനാത്മക സംരംഭങ്ങൾ എന്നിവയിലൂടെ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, മാത്തമാറ്റിക്സ് തുടങ്ങിയ ശാഖകളുടെ അറിവ് സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സയൻസ് ഫോർ ഒാൾ സൊസൈറ്റിക്ക് തുടക്കം കുറിച്ചത്.
ഒരാൾക്ക് അറിവ് നേടാൻ കഴിയുന്ന ഒരേയൊരു സ്ഥലം ക്ലാസ്മുറികളല്ല. ശാസ്ത്രവുമായി സമ്പർക്കം പുലർത്തുന്നതിെൻറ വലിയ ഭാഗം സ്കൂളിന് പുറത്താണ് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ശാസ്ത്രത്തിെൻറയും അതിെൻറ പ്രയോഗങ്ങളുടെയും പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പഠന, പര്യവേക്ഷണം, സർഗാത്മകത എന്നിവ പരിപോഷിപ്പിക്കുകയുമാണ് സയൻസ് സൊസൈറ്റി ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുറഹ്മാൻ അൽ സുൽത്താൻ പറഞ്ഞു. വിദഗ്ധരുമായുള്ള ചർച്ചകൾ, ശാസ്ത്ര പ്രദർശനം, സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവ സംഘടിപ്പിക്കും.
വിഷയ മേഖലകളുടെ നവീകരണം, വികസനം, ഗവേഷണം എന്നിവ പിന്തുണക്കാനും ഈ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സയൻസ് സൊസൈറ്റി ലക്ഷ്യമിടുന്നു. യുവാക്കൾക്കും കുട്ടികൾക്കും ശാസ്ത്രത്തിെൻറ അടിസ്ഥാന തത്ത്വങ്ങൾ വർധിപ്പിക്കുന്നതിനും കുടുംബങ്ങൾക്ക് ശാസ്ത്രീയ നിലവാരം ഉയർത്തുന്നതിനും നിരവധി പദ്ധതികളുണ്ട്. സമൂഹത്തിെൻറ പല വിഭാഗങ്ങളെയും ലക്ഷ്യംെവച്ചുള്ള പ്രത്യേക പരിപാടികളും പ്രവർത്തനങ്ങളും സൊസൈറ്റി നടത്തും. സൗദി വിഷൻ 2030െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് സയൻസ് ഫോർ ഒാൾ സൊസൈറ്റി രൂപവത്കരിച്ചിരിക്കുന്നത്.സൊസൈറ്റിയിൽ 15 സ്ഥാപക അംഗങ്ങളുണ്ട്. മൂന്നു വർഷത്തിനുള്ളിൽ ഈ സംഖ്യ 100 ആയി ഉയർത്താനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.