സയൻസ് ഇന്ത്യ ഫോറം സൗദി ചാപ്റ്റർ ‘സയൻസ് ഗാല’ വെള്ളി, ശനി ദിവസങ്ങളിൽ
text_fieldsറിയാദ്: സയൻസ് ഇന്ത്യ ഫോറം സൗദി ചാപ്റ്റർ കഴിഞ്ഞ വർഷത്തെ വിവിധ മത്സരങ്ങളിൽ ജേതാക്കളായ വിദ്യാർഥികൾക്കുള്ള അവാർഡുകൾ വെള്ളിയാഴ്ച (ഫെബ്രു. ഒമ്പത്) റിയാദിലും ശനിയാഴ്ച (ഫെബ്രു. 10) കിഴക്കൻ പ്രവിശ്യയിലും വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ‘സയൻസ് ഗാല’ എന്ന പേരിൽ റിയാദിൽ ഇൻറർനാഷനൽ ഇന്ത്യൻ (ബോയ്സ്) സ്കൂളിലും ജുബൈലിൽ ഇൻറർനാഷനൽ ഇന്ത്യൻ (ബോയ്സ്) സ്കൂളിലുമാണ് ചടങ്ങ് നടക്കുക. ശാസ്ത്ര പ്രതിഭ മത്സരം, നാഷനൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്, ലോക പരിസ്ഥിതി ദിന മത്സരം, ദേശീയ ശാസ്ത്ര ദിനം, അന്താരാഷ്ട്ര യോഗദിനം മുതലായ ഇനങ്ങളിൽ വർഷന്തോറും സൗദി അറേബ്യയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നടത്തുന്ന മത്സരങ്ങളിലെ വിജയികളെ ആദരിക്കുന്ന ചടങ്ങാണ് ‘സയൻസ് ഗാല’.
ഈ വർഷത്തെ സയൻസ് ഗാല അവാർഡ് വിതരണ ചടങ്ങിൽ പ്രമുഖ ശാസ്ത്രജ്ഞനും പത്മഭൂഷൺ, പത്മശ്രീ ജേതാവുമായ ഡോ. ബി.എൻ. സുരേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ ചാൻസലറായി സേവനം അനുഷ്ഠിക്കുന്ന ഡോ. ബി.എൻ. സുരേഷ്, ബംഗളൂരു ഐ.എസ്.ആർ.ഒയിൽ ഹോണററി ഡിസ്റ്റിങ്ഗ്വിഷ്ഡ് പ്രഫസർ കൂടിയാണ്.
കഴിഞ്ഞ വർഷത്തെ നാഷനൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് ജേതാക്കൾ ഗുജറാത്തിൽ നടന്ന 30ാമത്തെ സയൻസ് കോൺഗ്രസിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നു.
ശാസ്ത്രപ്രതിഭ മത്സരയിനങ്ങളിലെ വിജയികളെ സയൻസ് ഇന്ത്യ ഫോറം സൗദി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബംഗളൂരുവിലെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മൂന്നു ദിവസത്തെ സന്ദർശനത്തിന് കൊണ്ടുപോയിരുന്നു. ഇന്ത്യയുടെ ഭാവി ഇന്നത്തെ യുവതലമുറയിലാണെന്നും അതിനാൽ തന്നെ ശാസ്ത്ര സാങ്കേതിക മികവോടെ മുന്നേറുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ വേണ്ടിയുള്ള പ്രയത്നങ്ങൾ തുടർന്നും നടത്തുമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.