എസ്.ഡി.പി.ഐ സ്ഥാപക ദിനം ആഘോഷിച്ചു
text_fieldsജിദ്ദ: 13ാമത് എസ്.ഡി.പി.ഐ സ്ഥാപകദിനം ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാജ്യത്ത് ദലിതുകളും ന്യൂനപക്ഷങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയും സർക്കാർ സ്ഥാപനങ്ങൾ മൊത്തമായി കോർപറേറ്റ്വത്കരണത്തിന്റെയും കാലത്ത് ജനാധിപത്യം സംരക്ഷിക്കുക, പൗരന്മാർക്ക് തുല്യനീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാധാരണക്കാരായ ജനവിഭാഗത്തെ അണിനിരത്തി 'ഭയത്തിൽനിന്ന് മോചനം - വിശപ്പിൽനിന്നും മോചനം' എന്ന മുദ്രാവാക്യവുമായാണ് 2009 ജൂൺ 21ന് എസ്.ഡി.പി.ഐ രൂപവത്കരിക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പാർട്ടിക്ക് എത്തിപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും സംഘ്പരിവാറിന്റെ സവർണ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ അവർണരെയും പീഡിതരെയും അണിനിരത്തിയുള്ള ജനകീയ രാഷ്ട്രീയമാണ് എസ്.ഡി.പി.ഐ മുന്നോട്ടുവെക്കുന്നതെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹനീഫ കീഴ്ശ്ശേരി പറഞ്ഞു. പ്രവാസലോകത്ത് സേവന സന്നദ്ധരാകാൻ പ്രവർത്തകരോട് ഇന്ത്യൻ സോഷ്യൽ ഫോറം നാഷനൽ പ്രസിഡന്റ് അഷ്റഫ് മൊറയൂർ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
ഹജ്ജ് കർമത്തിന് പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനും കഷ്ടത അനുഭവിക്കുന്ന രോഗികൾക്ക് അത്താണിയാകാനും പ്രവാസ ലോകത്ത് തൊഴിൽപരവും നിയമപരമായും ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി പ്രശ്നങ്ങൾ പരിഹരിച്ചുകൊടുക്കുന്നതിനും മുഖ്യപരിഗണന നൽകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ആലിക്കോയ ചാലിയം അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി അംഗം അബ്ദുൽ ഗനി, വിവിധ സംസ്ഥാനങ്ങളെ പ്രധിനിധാനംചെയ്ത് ഫിറോസ് ലഖ്നോ, അബ്ദുൽ മതീൻ കർണാടക, കോയിസൻ ബീരാൻകുട്ടി കേരളം തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജോയന്റ് സെക്രട്ടറി അൽ അമൻ തമിഴ്നാട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.