ഹജ്ജ് രജിസ്ട്രേഷൻ രണ്ടാംഘട്ട നടപടികൾ നാളെ മുതൽ
text_fieldsജിദ്ദ: ഹജ്ജ് രജിസ്ട്രേഷനുള്ള രണ്ടാംഘട്ട നടപടികൾ വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അപേക്ഷ സ്വീകരിച്ചതായി സന്ദേശം ലഭിച്ചവരാണ് പാക്കേജ് തെരഞ്ഞെടുക്കുന്നതടക്കമുള്ള രണ്ടാംഘട്ട നടപടികൾ പൂർത്തിയാക്കേണ്ടത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് രണ്ടാംഘട്ട നടപടികൾ ആരംഭിക്കുക. ഹജ്ജിന് തെരഞ്ഞെടുത്ത ആളുകളുടെ പേരുകൾ പ്രഖ്യാപിക്കുന്ന ഘട്ടമാണിത്.
പാക്കേജുകൾ തെരഞ്ഞെടുക്കുന്നതിനും നിശ്ചിത ഫീസ് അടക്കുന്നതിനും ബാക്കി നടപടികൾ പൂർത്തിയാക്കുന്നതിനും തെരഞ്ഞെടുക്കപ്പെടുന്നവരുടെ മൊബൈലുകളിലേക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കും. ബുധനാഴ്ച രാത്രി 10നാണ് ആദ്യഘട്ട രജിസ്ട്രേഷൻ നടപടികൾ അവസാനിച്ചത്. 10 ദിവസം നീണ്ടു നിന്ന ആദ്യഘട്ട രജിസ്ട്രേഷൻ കാലയളവിൽ 5,58,200 പേർ രജിസ്റ്റർ ചെയ്തതായാണ് വിവരം. ഇതിൽ 59 ശതമാനം പുരുഷന്മാരും 41 ശതമാനം സ്ത്രീകളുമാണ്. 38 ശതമാനം 31 നും 40 നുമിടയിൽ പ്രായമുള്ളവരും 26 ശതമാനം 21 നും 30 നുമിടയിൽ പ്രായമുള്ളവരും 20 ശതമാനം 41നും 50 നുമിടയിൽ പ്രായമുള്ളവരും 11 ശതമാനം 51 നും 60നുമിടയിൽ പ്രായമുള്ളവരും മൂന്ന് ശതമാനം 20 വയസ്സിനു മുകളിലുള്ളവരും രണ്ട് ശതമാനം 60 വയസ്സിനു മുകളിലുള്ളവരുമാണ്.
കോവിഡ് സാഹചര്യത്തിൽ ആഭ്യന്തര തീർഥാടകർക്ക് മാത്രമാക്കിയ ഇത്തവണത്തെ ഹജ്ജ് കർമത്തിന് പൗരന്മാരിൽ നിന്നും രാജ്യത്തെ വിദേശികളിൽ നിന്നും 60,000 പേർക്കാണ് അവസരം നൽകുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഹജ്ജ് കർമം നടത്താത്തവർക്ക് മുൻഗണന നൽകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.