രണ്ടാമത് സൗദി ഫിലിം ഫോറം സമ്മേളനം ഒക്ടോബർ ഒമ്പത് മുതൽ റിയാദിൽ
text_fieldsറിയാദ്: സൗദി ഫിലിം ഫോറത്തിന്റെ രണ്ടാമത് സമ്മേളനവും പ്രദർശനമേളയും ഈ മാസം ഒമ്പത് മുതൽ റിയാദിൽ നടക്കും. സൗദി സാംസ്കാരിക മന്ത്രി അമീർ ബന്ദർ ബിൻ ഫർഹാന്റെ മേൽനോട്ടത്തിൽ ഒക്ടോബർ ഒമ്പത് മുതൽ 12 വരെ നടക്കുന്ന ഫോറത്തിന്റെ ഒരുക്കം ഫിലിം കമീഷന് കീഴിൽ പുരോഗമിക്കുകയാണ്.
ഫിലിം മേഖലയിലെ സ്പെഷലിസ്റ്റുകളും വിദഗ്ധരും അറബ്, അന്തർദേശീയ ചലച്ചിത്രമേഖലയിലെ മികച്ച പ്രവർത്തകരും പെങ്കടുക്കും. ‘വിഷൻ 2030’-ന്റെ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ദേശീയ സാംസ്കാരിക പദ്ധതിക്ക് അനുസൃതമായി സൗദിയിലെ സിനിമ വ്യവസായത്തെ ശാക്തീകരിക്കാനും വികസിപ്പിക്കാനും നിക്ഷേപാവസരങ്ങളും പങ്കാളിത്തവും വർധിപ്പിക്കാനുമാണ് ഫോറം ലക്ഷ്യമിടുന്നത്.
സൗദിയിലെ ചലച്ചിത്ര-കലാവ്യവസായത്തിന് ശോഭനമായ ഭാവി കെട്ടിപ്പടുക്കുകയാണ് മുഖ്യലക്ഷ്യം. ഫോറം സിനിമ വ്യവസായത്തിലെ ഒരു സുപ്രധാന പ്ലാറ്റ്ഫോമാണ്. അഭിനേതാക്കൾ, സംവിധായകർ, നിർമാണക്കമ്പനികൾ മുതൽ നൂതന സാങ്കേതിക ഉപകരണങ്ങളുടെ ദാതാക്കൾ വരെ സിനിമ വ്യവസായത്തിലെ വിവിധ തലങ്ങളിലുള്ളവർ തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കാൻ ഫോറം വേദിയാവും.
ചിത്രീകരണത്തിനും നിർമാണത്തിനും അവസരങ്ങൾ പ്രദാനം ചെയ്യുക, ഈ രംഗത്തെ പ്രമുഖ ആഗോള സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുക, വ്യവസായത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, വളർന്നുവരുന്ന കമ്പനികളെ പിന്തുണക്കുക, ഗുണപരമായ പ്രോജക്ടുകൾ ആരംഭിക്കുക എന്നിവയിലൂടെ ഈ സുപ്രധാന മേഖല വികസിപ്പിക്കാൻ ഫോറം ലക്ഷ്യമിടുന്നു. ചലച്ചിത്ര നിർമാണത്തിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന 30 പാനൽ ചർച്ചകൾ ഫോറത്തിലുണ്ടാകും.
ശിൽപശാലകളിലൂടെയും ചർച്ചകളിലൂടെയും ഫിലിം ഫിനാൻസിങ്ങും സിനിമ വ്യവസായ വ്യവസ്ഥകളും ചർച്ച ചെയ്യും. കൂടാതെ സന്ദർശകരുടെ അനുഭവം സമ്പന്നമാക്കാനും സിനിമ വ്യവസായത്തിന്റെ വിവിധ വശങ്ങളിലേക്ക് അവരെ പരിചയപ്പെടുത്താനും ലക്ഷ്യമിട്ടുള്ള അനുബന്ധപരിപാടികളുടെ ഒരു പരമ്പര ഉണ്ടായിരിക്കും.
നിർമാണം, സ്മാർട്ട് സ്റ്റുഡിയോകൾ, സിനിമാറ്റിക് സാങ്കേതികവിദ്യകൾ എന്നിവ നിർമിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ 130ലധികം പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഒരു പ്രദർശനവുമുണ്ടാകും. സിനിമ മേഖലയിലെ ഏറ്റവും പുതിയ അവസരങ്ങളും നൂതനവശങ്ങളും ഫോറത്തിൽ പ്രദർശിപ്പിക്കും. മുൻ പതിപ്പിന്റെ വിജയത്തിനുശേഷമാണ് സൗദി ഫിലിം ഫോറം 2024ലെ രണ്ടാം പതിപ്പ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.