സൗദി സ്കൂളുകളിൽ രണ്ടാം സെമസ്റ്റർ ക്ലാസുകൾ തുടങ്ങി
text_fieldsയാംബു: സൗദിയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ അധ്യയന വർഷത്തെ രണ്ടാം സെമസ്റ്ററിന് തുടക്കം കുറിച്ചു. ഇൻറർമീഡിയറ്റ്, സെക്കൻഡറി തലങ്ങളിലെ വിദ്യാർഥികൾ 10 ദിവസത്തെ അവധിക്കുശേഷമാണ് ക്ലാസ് മുറികളിൽ തിരിച്ചെത്തിയത്. കോവിഡ് വാക്സിൻ രണ്ടു ഡോസ് എടുത്തവർക്ക് മാത്രമാണ് വിദ്യാലയങ്ങളിൽ പ്രവേശിക്കാൻ അനുമതി. പബ്ലിക് ഹെൽത്ത് അതോറിറ്റി അംഗീകരിച്ച ആരോഗ്യ മുൻകരുതലുകളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് സ്ഥാപനങ്ങളിൽ എത്തേണ്ടതെന്നും അധികൃതർ വ്യക്തമാക്കി. 12 വയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്ക് ഓഫ് ലൈൻ ക്ലാസുകൾ തുടരാനാണ് തീരുമാനം.
പ്രാഥമിക വിദ്യാലയങ്ങളും നഴ്സറി സ്കൂളുകളും കോവിഡ് വ്യാപനത്തിന് പൂർണ ശമനം വരാത്ത പശ്ചാത്തലത്തിൽ തുറക്കുന്നത് നീട്ടിവെക്കാൻ തന്നെയാണ് തീരുമാനം. 'മദ്റസത്തീ' എന്ന പ്ലാറ്റ്ഫോമിലൂടെ പ്രാഥമിക വിഭാഗത്തിെൻറയും 'റൗദത്തീ' പ്ലാറ്റ്ഫോമിലൂടെ നഴ്സറി വിഭാഗത്തിെൻറയും ഓൺലൈൻ പഠനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മന്ത്രാലയം വിലയിരുത്തി. രാജ്യത്ത് ഈയിടെയായി നടപ്പാക്കിയ മൂന്ന് സെമസ്റ്റർ സമ്പ്രദായം കൂടുതൽ ഫലപ്രാപ്തി നേടിയതായും വിദ്യാർഥികളും രക്ഷിതാക്കളും അക്കാദമിക് കലണ്ടറിലെ ഈ പരിഷ്കരണ നടപടികൾ സന്തോഷപൂർവം സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. പുതിയ പാഠ്യപദ്ധതികളും പരിഷ്കാരങ്ങളും വഴി വിദ്യാർഥികളുടെ പഠന നിലവാരം ഉയർന്നതായും കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.