രാജാവിന്റെ അതിഥികളായി രണ്ടാം ഉംറ സംഘം മദീനയിൽ
text_fieldsമദീന: രാജാവിന്റെ അതിഥികളായി ‘ഖാദിമുൽ ഹറമൈൻ ഉംറ പദ്ധതി’ക്ക് കീഴിൽ രണ്ടാം ഉംറ സംഘം മദീനയിലെത്തി. യൂറോപ്പ്, തെക്കേ അമേരിക്ക ഭൂഖണ്ഡങ്ങളിലെ 15 രാജ്യങ്ങളിൽ നിന്നുള്ള 250 പ്രമുഖ ഇസ്ലാമിക വ്യക്തികൾ ഉൾപ്പെടെയുള്ളവരാണ് എത്തിയിരിക്കുന്നത്. ബോസ്നിയ ആൻഡ് ഹെർസഗോവിന, അൽബേനിയ, കൊസോവോ, മാസിഡോണിയ, ക്രൊയേഷ്യ, സ്ലോവേനിയ, മോണ്ടിനെഗ്രോ, സെർബിയ, ഗ്രീസ്, ബൾഗേറിയ, റൊമാനിയ, പോളണ്ട്, ബ്രിട്ടൻ, ബ്രസീൽ, അർജൻറീന എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇവർ. ഉംറ കർമം നിർവഹിക്കാനും മദീന സന്ദർശിക്കാനും അവസരം നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും സംഘം നന്ദി അറിയിച്ചു.
ഈ ആതിഥേയത്വം ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അവർ പറഞ്ഞു. സൗദി മതകാര്യ വകുപ്പാണ് ഖാദിമുൽ ഹറമൈൻ ഉംറ, സിയാറ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. ഉംറ കർമങ്ങൾ നിർവഹിക്കുന്നതിന് മക്കയിലേക്ക് പോകുന്നതിന് മുമ്പ് സംഘം മദീന മസ്ജിദുന്നബവി, മസ്ജിദു ഖുബാഅ്, മറ്റ് ചരിത്ര സ്ഥലങ്ങൾ എന്നിവ സന്ദർശിക്കും. ഇതിനായി പ്രത്യേക പരിപാടി മന്ത്രാലയം തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.