റിയാദ് കെ.എം.സി.സിയിലെ വിഭാഗീയത: രണ്ട് വിഭാഗങ്ങൾക്കും വിലക്കിട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി
text_fieldsറിയാദ്: കെ.എം.സി.സിയിൽ നിലനിൽക്കുന്ന സംഘടന പ്രശ്നങ്ങൾ കാരണം റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെയും മലപ്പുറം ജില്ല കമ്മിറ്റിയുടെയും പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിർദേശം നൽകി. സംസ്ഥാന ലീഗ് കമ്മിറ്റിയുടെ ലെറ്റർ ഹെഡിൽ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ. സലാം ഒപ്പു വെച്ച കത്താണ് ഇരു കമ്മിറ്റികൾക്കും നൽകിയത്.
കാലങ്ങളായി റിയാദിൽ കെ.എം.സി.സി സംഘടന രംഗത്ത് ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമാണ്. ദിവസങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ല കമ്മിറ്റിയെ മരവിപ്പിക്കുകയും ജില്ലയിലെ പ്രവർത്തനങ്ങൾക്ക് ഒരു അഡ്ഹോക്ക് കമ്മിറ്റിയെ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സെൻട്രൽ കമ്മിറ്റിക്ക് അങ്ങനെ തീരുമാനമെടുക്കാൻ ഭരണഘടനാപരമായി അവകാശമില്ലെന്നും അതംഗീകരിക്കാൻ കഴിയില്ലെന്നും മലപ്പുറം ജില്ല കമ്മിറ്റിയും തീരുമാനമെടുത്തു. രണ്ട് വിഭാഗങ്ങളും മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നിൽ പരാതി സമർപ്പിക്കുകയും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ പരിഹാര ശ്രമങ്ങൾ നടത്തുകയാണെന്നും ഇരു കൂട്ടർക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്നും അതു വരെ രണ്ടു കമ്മിറ്റികളും യോഗം ചേരുകയോ, പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനോ പാടില്ലെന്ന നിർദേശമാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി രേഖാമൂലം ഇരു കമ്മിറ്റികളെയും അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം റിയാദ് കെ.എം.സി.സി സംഘടിപ്പിച്ച മലപ്പുറം ജില്ല കമ്മിറ്റിയുടെ പരിപാടി മാറ്റിവെപ്പിക്കാൻ സെൻട്രൽ കമ്മിറ്റി ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. അന്ന് നിർദേശങ്ങളൊന്നും ലഭിക്കാത്തത് കാരണം പ്രസ്തുത പരിപാടി നടക്കുകയും ചെയ്തിരുന്നു. ഇതാണ് വീണ്ടും സെൻട്രൽ കമ്മിറ്റി പരാതി നൽകാൻ കാരണമായത്. നല്ല നിലയിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ല കമ്മിറ്റിയെ മരവിപ്പിച്ചതായി പത്രങ്ങളിൽ വാർത്ത നൽകിയ സെൻട്രൽ കമ്മിറ്റിയുടെ നടപടി ഗുരുതര അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജില്ല കമ്മിറ്റിയും പരാതി നൽകിയിരുന്നു.
>>>>>>>>>>>>
കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രവർത്തനങ്ങൾ തുടരാം –പി.എം.എ സലാം
കത്ത് തിരുത്തി
റിയാദ്: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടേയും മലപ്പുറം ജില്ല കമ്മിറ്റിയുടെയും പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആദ്യം കത്തിലൂടെ ആവശ്യപ്പെട്ടതിനു പിന്നാലെ റിയാദ് സെൻട്രൽ കമ്മിറ്റി പ്രവർത്തനങ്ങൾ തുടരാമെന്ന് വീണ്ടും മറ്റൊരു കത്തിലൂടെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചു. നിലവിലുള്ള മലപ്പുറം ജില്ല കമ്മിറ്റിയുടെയും റിയാദ് സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ മലപ്പുറം ജില്ല കമ്മിറ്റിക്കു വേണ്ടി ഉണ്ടാക്കിയ പുതിയ സംവിധാനത്തിെൻറയും പ്രവർത്തനങ്ങൾ മാത്രമാണ് നിർത്തിവെക്കാൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം രണ്ടാമത്തെ കത്തിൽ അറിയിച്ചു. ഇരു കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെ നിർത്തിവെക്കണമെന്നും എന്നാൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി യോഗം ചേരുന്നതിനോ പ്രവർത്തനങ്ങൾ നടത്തുന്നതിനോ വിലക്കില്ലെന്നും പി.എം.എ. സലാം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.